കൊച്ചി: ഹരിത കേരള മിഷന്‍ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹരിത നടപടിക്രമം സംബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ക്യാംപിന് തുടക്കം. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ച ക്യാംപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയും അജൈവ മാലിന്യശേഖരണം, പുന:ചംക്രമണം എന്നിവ സാധ്യമാക്കിയും ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളും വൃത്തിയുടെ കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ ജീവനക്കാര്‍ തയാറാകണമെന്ന് അവര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കും മാതൃകാപരമാകും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനം ഓഫീസുകളില്‍ തുടങ്ങുന്നതിനു മുന്നോടിയായി കോര്‍ കമ്മിറ്റി രൂപീകരിക്കും. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കള്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്നതാണ്   കമ്മിറ്റി. ജില്ലാ തല ഓഫീസുകളില്‍ നിന്നും തുടങ്ങുന്ന പ്രവര്‍ത്തനം അടുത്ത ഘട്ടത്തില്‍ താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കും. ശുചിത്വ സംസ്‌കാരം മാതൃകയാക്കി മാറ്റുന്ന ജില്ലാതല സര്‍ക്കാര്‍ ഓഫീസുകളാണ് ആവശ്യം. ഡിസ്്‌പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നാടിനെ മാലിന്യ മുക്തമാക്കാം. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നതെന്നും അവര്‍ പറഞ്ഞു.
പരിശീലനത്തിന്റെ ഭാഗമായി കലക്ട്രേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസും പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പരിശീലനം നാളെ സമാപിക്കും. ശില്‍പ്പശാലയില്‍ വിവിധ ജില്ലാ ഓഫീസുകളില്‍ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കപ്പെട്ട 50 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.