തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍  കൊല്ലം ജില്ലയെ അടുത്ത വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനായി പരിശ്രമിക്കണമെന്ന് ജില്ലാ കലകട്ര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ആവശ്യപ്പട്ടു. ഇതിനായി എല്ലാം പഞ്ചായത്തുകളും കൂട്ടായി ശ്രമിക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകനം നടത്തവേ അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം അവയെ ലൈഫ്, ശുചിത്വകേരളം, ഹരിതകേരളം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതിയുമായി കൂട്ടിയോജിപ്പിക്കുകയും വേണം. ഈ സാമ്പത്തിക വര്‍ഷം തന്നെ ലൈഫിന്റെ ഭാഗമായി നിര്‍മിക്കുന്ന 15,500 വീടുകള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നാകണം പൂര്‍ത്തിയാക്കേണ്ടതെന്നും കൊട്ടിയം ആനിമേഷന്‍ സെന്ററില്‍ നടന്ന അവലോകന യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെ അധ്യക്ഷതയില്‍  ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമുള്ള ഏകദിന ശില്‍പ്പശാല നടന്നു. തൊഴിലുറപ്പ് പദ്ധതി വഴി സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങളുടെ കൂലി പൂര്‍ണമായും നല്‍കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 167 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിവഴി കൂലി നല്‍കിയത് – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
  ചടങ്ങില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചിതറ ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. എരൂര്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍.
തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജെ. ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എസ്. സജീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈല സലിംലാല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത കൈലാസ്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന മുരളി, ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. ജോസ്, ഡെപ്യൂട്ടി ഡെവലപ്പമെന്റ് കമ്മീഷണര്‍ പി. ബാലചന്ദ്രന്‍, ദാരിദ്ര്യ നിര്‍ജാര്‍ജ്ജന ലഘൂകരണ പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. പ്രദീപ്, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഹരിതമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, തൊഴിലുറപ്പ് പദ്ധതി നോഡല്‍ ഓഫീസര്‍ എച്ച്. സഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.