ജില്ലയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത സൗകര്യങ്ങളൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണത്തിന് ആദ്യഘട്ട രൂപരേഖയായി. 50 കോടി രൂപ ചെലവില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് ഉയരുന്ന സമുച്ചയത്തില്‍ സ്ഥിരം ഓഡിറ്റോറിയം, തുറസായ ഓഡിറ്റോറിയം, വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനത്തിനുള്ള ഇടം, താമസ സൗകര്യം തുടങ്ങിയവയാണുണ്ടാവുക.
പ്രകൃതിസൗഹൃദ നിര്‍മാണ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനൊപ്പം ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ആധുനിക രീതിയിലുള്ള ക്രമീകരണങ്ങളാകും ഇവിടെ സജ്ജീകരിക്കുക. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യവും കഫ്റ്റീരിയയും ചെറുവ്യാപാര സ്റ്റാളുകളും ഡിജിറ്റല്‍ പ്രദര്‍ശന സംവിധാനവുമൊക്കെ സമുച്ചയത്തിന്റെ ഭാഗമാകും വിധമാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
സാംസ്‌കാരിക സമുച്ചയത്തിനായി ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ പദ്ധതി സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനായി കലാ-സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീതയുടെ അധ്യക്ഷതയില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ ചേര്‍ന്ന യോഗം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാലം ആവശ്യപ്പെടുന്ന സംവിധാനങ്ങളോടെയുള്ള സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുക വഴി കലാസ്വാദനത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്തിന്റെ കലാപാരമ്പര്യം സംരക്ഷിക്കുകയാണ് സാംസ്‌കാരിക സമുച്ചയത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു വ്യക്തമാക്കി.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍ സി.ആര്‍. സദാശിവന്‍ നായര്‍ വിവിധോദ്ദേശ സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രാഥമിക രൂപരേഖ അവതിരിപ്പിച്ചു. തുടര്‍ന്ന് ജില്ലയിലെ കലാ-സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ രൂപരേഖ സംബന്ധിച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള രൂപരേഖ തയ്യാറാക്കി അന്തിമ ചര്‍ച്ച നടത്തിയാകും നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുക.