നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക
ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക
നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക
പക്ഷെ ചെയ്യുന്നത് എന്ത് തന്നെയായാലും 
മൂന്‍പോട്ട് തന്നെ നീങ്ങുക’
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ഇടുക്കിജില്ലയിലെ ഭിന്നശേഷിക്കാര്‍. ജില്ലയില്‍ അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത കേട്ടാല്‍ എന്ത്‌ചെയ്യുമെന്ന് ചോദിച്ചാല്‍ ഇവരുടെ ഉത്തരം ഇതുവരെ ഒരു നിശബ്ദ തേങ്ങലായിരുന്നു. കാരണം പരിമിതികള്‍ ദുരന്തത്തെ നേരിടാന്‍ എന്നും ഇവര്‍ക്ക് ഒരു വെല്ലുവിളി ആയിരുന്നു. എന്നാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കോട്ടയം എംജി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് തൊടുപുഴ പുളിമൂട്ടില്‍ ടൂറിസ്റ്റ് ബംഗ്ലാവില്‍ നടത്തുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള ദുരന്തനിവാരണ പരിശീലന പരിപാടിയിലൂടെ പ്രകൃതിദുരന്തങ്ങളെ സധൈര്യം നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം നേടിയെടുക്കാന്‍ ഇവര്‍ക്കായി.
പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍ ഇവയൊക്കെ ജില്ലയില്‍ തുടര്‍ക്കഥകളാകുമ്പോള്‍ പ്രിയപ്പെട്ടതൊക്കെ ദുരന്തങ്ങള്‍ തൂത്തുവാരുമ്പോള്‍ നിസഹായരായി ഇനി ഇവര്‍ക്ക് നില്‍ക്കേണ്ടി വരില്ല.ദുരന്തങ്ങളെ അതിജീവിക്കാനുള്ള ആര്‍ജവവും കരുത്തും നേടാന്‍ പരിശീലനം ഇവരെ പ്രാപ്തരാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐയുസിഡിഎസ് (ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിളിറ്റി സ്റ്റഡീസ്) ഡയറക്ടര്‍ ടിപി ബാബുരാജിന്റെയും കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി കെ ജയകുമാറിന്റെയും നേതൃത്വത്തിലാണ് പരിശീലന പരിപാടി.
ഇടുക്കി ജില്ലയിലെ മൊത്ത ജനസംഖ്യയില്‍ 26,226 അംഗപരമമിതര്‍ ആണുള്ളത്. ഇതില്‍ 11,081 പേര്‍ സ്ത്രീകളും 15,102 പേര്‍ പുരുഷ•ാരും 43 പേര്‍ ഭിന്നലിംഗക്കാരുമാണ്. പരസഹായം കൂടാതെ പലപ്പോഴും സ്വയംരക്ഷ അപ്രാപ്യമാകുന്ന ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങളിലൂടെ ശാക്തീകരണം ഉറപ്പാക്കുവാനാണ് പരീശലനം നല്‍കുന്നത്. കാഴ്ചവൈകല്യമുള്ളവര്‍, ശ്രവണസംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍, ചലനവെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. . മാനസിക വെല്ലുവിളി നേരിടുന്നവരുടെ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കുക. ദുരന്തങ്ങളെ എങ്ങനെ നേരിടമെന്ന് വ്യക്തമാക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത കൈപുസ്തകങ്ങളും ഇവര്‍ക്ക് നല്‍കിയാണ് പരിശീലനം പൂര്‍ത്തിയാക്കുക. അന്ധരായവര്‍ക്ക് ബ്രെയ്ന്‍ ലിപിയില്‍ വായിക്കാവുന്ന പുസ്തകങ്ങളും നല്‍കി.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കാട്ടുതീ, കൂട്ടുരോഗബാധകള്‍ ഇവയൊക്കെയാണ് പ്രധാനമായും ഇടുക്കിയെ ബാധിക്കുന്ന പ്രധാന ദുരന്തങ്ങള്‍. ഈ പ്രശ്‌നങ്ങളില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്ന പ്രാവര്‍ത്തിക പരിശീലനമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിനായി ഡമ്മികള്‍ ഉപയോഗിച്ച് കൊണ്ടുള്ള പരിശീലനവും പ്രാഥമിക ശുശ്രൂഷകളുമാണ് ഇതില്‍ പ്രധാനം. അന്ധരായവര്‍ക്ക് പ്രത്യേക പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.
നാല് ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലനം ഇന്ന് ( 21) അവസാനിക്കും. എങ്കിലും ഇനിയും ഈ പരിശീലന പരിപാടി തുടരാനാണ് സംഘാടകരുടെ തീരുമാനം. സംസ്ഥാനമൊട്ടാകെയുള്ള ഭിന്നശേഷിക്കാരുടെ സംഘടനകളുടെ സഹകരണത്തോടെ പരിപാടി വിപുലമാക്കും. പരാശ്രയമില്ലാതെ ഇനി ഏത് പരിതസ്ഥിയെയും ഇനി ഭിന്നശേഷിക്കാര്‍ക്ക് വെല്ലുവിളികള്‍ കൂടാതെ മറികടക്കാം.