*  പ്രതിദിനം ജില്ലയില്‍ വില്‍ക്കുന്നത് 108 ലക്ഷം ടിക്കറ്റുകള്‍
* വിറ്റുവരവ് 612 കോടി, ലാഭം 157 കോടി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സാസഹായം ലഭ്യമാക്കിയത് നാലായിരത്തോളം പേര്‍ക്ക്.  രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയിലൂടെ ഇത്രയധികം പേര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്. ഇന്ദിരാദേവി പറഞ്ഞു.  മാരകരോഗങ്ങള്‍ ബാധിച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
അന്ധരും വികലാംഗരും ഉള്‍പ്പെടെയുള്ള ഏജന്റുമാരുടെ സൗകര്യാര്‍ഥം ജില്ലയില്‍ രണ്ട് സബ് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചത് ടിക്കറ്റ് വില്‍പ്പന വര്‍ധിപ്പിച്ചു.  മാത്രമല്ല സബ്‌സെന്ററായിരുന്ന ആറ്റിങ്ങല്‍ ഓഫീസ് സബ് ഓഫീസായതും നെയ്യാറ്റിന്‍കരയില്‍ പുതിയ സബ് ഓഫീസ് ആരംഭിച്ചതും നേട്ടമായി.  ഇത് വരുമാനത്തിലും വലിയ വര്‍ധനയുണ്ടാക്കി.  30 രൂപ വിലയുള്ള 108 ലക്ഷം ടിക്കറ്റുകളാണ് ജില്ലയില്‍ ഇപ്പോള്‍ പ്രതിദിനം വിറ്റഴിയുന്നത്.  2017-18 സാമ്പത്തികവര്‍ഷത്തില്‍ ജില്ലയിലെ വിറ്റുവരവ് 612 കോടിയും ലാഭം 157 കോടിയുമാണ്.  സംസ്ഥാനസര്‍ക്കാര്‍ സമ്മാനഘടന പരിഷ്‌ക്കരിച്ചത് ടിക്കറ്റ് വില്‍പ്പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കി.
ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്ഷേമനിധി പദ്ധതിയും ഏറെ ഗുണം ചെയ്തു.  പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ചികിത്സാ സഹായം, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നത്.  മേഖലയ്ക്ക് കാര്യമായ പുരോഗതി ഉണ്ടാക്കിയതായും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

3 Attachments