കാലടി : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ ആരംഭിച്ചു. ഏകത്വമാണ് ശങ്കരാചാര്യ ദര്‍ശനം, എന്നിലും നിന്നിലുമുള്ള ചൈതന്യം ഒന്നാണ് എന്ന് പറഞ്ഞ ആദി ശങ്കരാചാര്യര്‍ ഒരു ഭാരതീയ ഗുരു മാത്രമല്ല ജഗത് ഗുരു തന്നെയാണ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള സംസ്ഥാന കൃഷി വകുപ്പുമന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി മന്ത്രി ഫലവൃക്ഷതൈ നടീല്‍ നിര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത ജൈവ പച്ചക്കറികള്‍ മന്ത്രിക്ക് സ്വീകരിക്കുകയും ചെയ്തു.

രജത ജൂബിലി വര്‍ഷമായ 2018- ലെ ശങ്കര ജയന്തി ആഘോഷങ്ങള്‍ രണ്ടു ഘട്ടമായാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ട പരിപാടികള്‍ ഉദ്ഘാടന ദിവസവും രണ്ടാം ഘട്ട പരിപാടികള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കവിമായിരിക്കും എന്ന് രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന്‍ സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. കൂടാതെ രണ്ടാം ഘട്ടത്തില്‍ അഖിലേന്ത്യാ തലത്തിലുള്ള അക്കാദമിക പരിപാടികളും സര്‍വ്വകലാശാലയുടെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യും.

വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ മുഖ്യാതിഥിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സാന്‍സ്‌ക്രിറ്റ് ആന്റ് ഇന്‍ഡിക് സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. രാം നാഥ് ഝാ ശ്രീ ശങ്കര വാര്‍ഷിക പ്രഭാഷണം നിര്‍വ്വഹിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളുടെ വിതരണം പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ. എസ്. രവികുമാര്‍ നിര്‍വ്വഹിച്ചു. കൂടാതെ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഡോ. എം. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ശൈലീപരിണാമം മലയാള നോവലില്‍’, ഡോ. എം. ഐ. ജോസഫിന്റെ ‘റിഫ്‌ളക്ഷന്‍ ഓണ്‍ എതിക്‌സ് ആന്റ് വാല്യൂസ’് , ഡോ. ടി. എസ്. ലാന്‍സ്‌ലെറ്റിന്റെ ‘അര്‍ബന്‍ ലാന്റ് ഓഫ് കൊച്ചിന്‍ സിറ്റി’, ഡോ. ഓമന ജെ. യുടെ ‘ദി മേക്കിംഗ് ഓഫ് പ്രിന്‍സിലി സ്റ്റേറ്റ് അണ്ടര്‍ ബ്രിട്ടീഷ് കൊളോണിയലിസം’ എന്ന നാല് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസി, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. ടി. മിനി, ഡോ. നെസ്സി ഡാനിയേല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ റൂബി ആന്റണി, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഞ്ജുന കെ.എം., പ്രോഗ്രാം കണ്‍വീനര്‍ ഡോ. ബി. ചന്ദ്രിക എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.