സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച്  ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായി.  താത്കാലിക ജീവനക്കാരെ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ അംഗീകാരത്തോടെ നിയമപ്രകാരം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണെങ്കില്‍ ഉത്തരവ് തീയതി മുതല്‍ മാത്രം അതിന് പ്രാബല്യം നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം.  ഉദ്യോഗക്കയറ്റം, പെന്‍ഷന്‍, മറ്റു സേവനാനുകൂല്യങ്ങള്‍ മുതലായവ ഒന്നിനും സ്ഥിരപ്പെടുത്തുന്ന തീയതിക്ക് മുമ്പുളള  സേവനകാലം പരിഗണിക്കില്ല.  ഉത്തരവിനു വിരുദ്ധമായി വകുപ്പ് തലവന്‍മാര്‍/നിയമനാധികാരി നിയമന ഉത്തരവ് പുറപ്പെടുവിച്ചാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഉദ്യോഗസ്ഥന്റെ ബാധ്യതയായി കണക്കാക്കും.