ആദിവാസികളടക്കമുള്ള അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയോ തൊറാപ്പി യൂണിറ്റ് സജ്ജമായി.സംസ്ഥാന മന്ത്രി സഭാ രണ്ടാം വാര്‍ഷികത്തില്‍ ഈ കേന്ദ്രം നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജനറല്‍ ആസ്പത്രിയും കഴിഞ്ഞാല്‍ ഇവിടെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. രണ്ടേമുക്കാല്‍ കോടി രൂപയോളം ചെലവുവരുന്ന ബാബട്രോണ്‍ 11 എന്ന ടെലികോബോള്‍ട്ട് യൂണിറ്റ് സംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വയനാട്ടില്‍ വലിയ തോതില്‍ കണ്ടുവരുന്ന ഹെഡ്‌നെക് കാന്‍സര്‍ ചികിത്സയ്ക്ക് റേഡിയോ തൊറാപ്പി യൂണിറ്റ് ഏറെ പ്രയോജനപ്പെടും. അര്‍ബുദ ചികിത്സയുടെ എല്ലാ ഘട്ടത്തിലും റേഡിയേഷന്‍ നല്‍കാന്‍ ഇനി മുതല്‍ നല്ലൂര്‍നാട്ടിലെ കാന്‍സര്‍ കെയര്‍ യൂണിറ്റിന് കഴിയും. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ മാനദണ്ഢങ്ങള്‍ക്കനുസരിച്ചിുള്ള കെട്ടിടവും ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ടെലി കോബോള്‍ട്ട് യൂണിറ്റ് ഉപകരണങ്ങള്‍ സ്ഥാപിച്ച് ട്രയല്‍ റണ്ണും പൂര്‍ത്തിയായി.സാമ്പത്തികമായി വന്‍ ചെലവുവരുന്ന ചികിത്സകള്‍ ഇവിടെ ലഭ്യമായി വരുന്നതോടെ പിന്നാക്ക ജില്ലയായ വയനാടിനും ഇതൊരു സാന്ത്വനമാണ്. അര്‍ബുദ രോഗികളായ ആദിവാസികളടക്കമുളളവര്‍ക്ക് സൗകര്യം ലഭ്യമല്ലെന്ന കാരണത്താല്‍ ഇനി ചികിത്സ പാതി വഴിയില്‍ നിര്‍ത്തേണ്ടി വരില്ല. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ ടെലിമെഡിസിന്‍ യൂണിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഇതുവഴി ലഭ്യമാകും.

ബാബട്രോണ്‍ 11
നാലാം തലമുറയിലെ ആധുനിക റേഡിയോ തൊറാപ്പി യൂണിറ്റ്

അര്‍ബുദ ചികിത്സയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ആധുനികവുമായ സംവിധാനങ്ങളുമടങ്ങിയ നാലാം തലമുറയില്‍പ്പെട്ട കോബാള്‍ട്ട് റേഡിയോ തൊറാപ്പി യൂണിറ്റാണ് ബാബട്രോണ്‍11. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി നിര്‍മ്മിച്ച 250 ആര്‍.എം.എം ഹെഡ് കപ്പാസിറ്റി ശേഷിയുള്ള റിമോട്ട് മോണിറ്ററിങ്ങ് ഉപകരണമാണിത്. ലോകത്തിലെ പ്രമുഖ അര്‍ബുദ ചികിത്സാകേന്ദ്രങ്ങളില്‍ ഇത് ഉപയോഗിക്കുന്നു.ത്രീഡി സാങ്കേതിക വിദ്യയടങ്ങിയ യൂണിറ്റ് ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ക്കോ ക്ലിനിക്കില്‍ സ്റ്റാഫിനോ അപകടകരമല്ലാത്ത വിധത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. എമര്‍ജന്‍സി നിയന്ത്രണ സംവിധാനവുമുണ്ട്. യന്ത്രം സ്ഥാപിച്ചിരിക്കുന്നത് കനത്ത കോണ്‍ക്രീറ്റ് ഭിത്തിക്കുള്ളിലെ പ്രത്യേകം ശീതീകരിച്ച മുറിയിലാണ്. യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള എല്ലാ ഫിറ്റ്‌നസ്സും ഉറപ്പാക്കിയതതിനുശേഷമാണ് ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ സാങ്കേതിക അനുമതി ലഭ്യമായത്. ശരീരത്തിന്റെ റേഡിയേഷന്‍ നല്‍കാവുന്ന എല്ലാ ഭാഗത്തിലേക്കും കേന്ദ്രീകരിക്കാന്‍ കഴിയാവുന്ന യന്ത്രമുഖമാണ് ഇതിനുള്ളത്. ഇതിനോടനുബന്ധിച്ചുള്ള പ്രത്യേക മുറിയില്‍ നിന്നും ബാബട്രോണ്‍11 നെ നിയന്ത്രിക്കാനാവും.

ആയിരങ്ങള്‍ക്ക് അനുഗ്രഹം
ആധുനിക ചികില്‍സ ഇനി അരികില്‍

ദേശീയ അര്‍ബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് നല്ലൂര്‍നാട്ടില്‍ അടിസ്ഥാന പാലിയേറ്റീവ് കീമോ തൊറാപ്പി യൂണിറ്റ് തുടങ്ങിയത്. നിലവില്‍ ദിവസം പത്ത് രോഗികള്‍ക്ക് കീമോ തൊറാപ്പി ചികിത്സ നല്‍കാന്‍ കഴിയുന്ന ആധുനിക ചികില്‍സാ സംവിധാനമാണ് ഇവിടെയുള്ളത്.പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആധുനിക സജ്ജീകരണങ്ങളോടുകൂടി ശീതീകരിച്ച പ്രത്യേകം വാര്‍ഡുകളും തയ്യാര്‍. കീമോ തൊറാപ്പി മരുന്നുകള്‍ സൂക്ഷിച്ചുവെക്കാനും നഴ്‌സിങ്ങ് ജീവനക്കാര്‍ക്ക് സുരക്ഷിതമായി മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ബയോളജിക്കല്‍ സേഫ്ടി കാബിനറ്റ്, മെഡിക്കല്‍ സ്റ്റോര്‍, ലാനിനാര്‍ ഫ്‌ളോ എന്നിവയെല്ലാം ഉണ്ട്. ക്യുറേറ്റീവ് മള്‍ട്ടി ഡ്രഗ് കീമോ തൊറാപ്പി ഡ്രഗ് ചികില്‍സയും നല്‍കുന്നു. 2013 മുതലാണ് ഇവിടെ ഒ.പി.പ്രവര്‍ത്തനം തുടങ്ങിയിത്. വര്‍ഷത്തില്‍ 2000 ത്തിലധികം പേര്‍ക്ക് ഇവിടെ നിന്നും ചികിത്സ തേടുന്നുണ്ട്. കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് തിരുവനന്തപുരം ആര്‍.സി.സി യിലും മലബാര്‍ കാന്‍സര്‍ സെന്ററിലും പ്രത്യേകം പരിശീലനവും ലഭിച്ചിട്ടുണ്ട്. പീഡിയിാട്രിക് കണ്‍സള്‍ട്ടന്റ് ഡേ.എം.സന്തോഷ് കുമാറാണ്‌നെ ഇവിടുത്തെ നോഡല്‍ ഓഫീസര്‍.

2013-14 ല്‍ 473 ,2014 – 15 ല്‍ 1240, 2015 – 16 ല്‍ 1590, 2016 – 17 ല്‍ 1957, 2017 – 18 ല്‍ 3187 രോഗികള്‍ക്ക് ഇവിടെ ചികില്‍സ നല്‍കി. കീമോ തൊറാപ്പിക്കായി മാത്രം ഇതുവരെ 3443 പേര്‍ ഇവിടെ എത്തി. 2909 പേര്‍ ആദിവാസി രോഗികളാണ്. ഇതില്‍ 1462 പേര്‍ക്ക് കീമോ തൊറാപ്പി ചികിത്സ ലഭ്യമാക്കി.മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു റേഡിയേഷന്‍ ഫിസിസ്റ്റ്, രണ്ട് റേഡിയേഷന് ടെക്‌നോളജിസ്റ്റ് എന്നിവര്‍ നിലവില്‍ ഇവിടെയുണ്ട്. ബി.ആര്‍.ജി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.04 കോടി രൂപ ചെലവിലാണ് ഈ കേന്ദ്രം സജ്ജമാക്കിയത്.മാനന്തവാടി ബ്ലോക്കിന്റെ സാമ്പത്തിക സഹായവും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ നല്ലൂര്‍നാട് അംബേദ്കര്‍ ട്രൈബല്‍ ആസ്പത്രിയാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്ത് കാന്‍സര്‍ കെയര്‍ യൂണിറ്റാക്കി മാറ്റിയത്.