* അഞ്ചുകുന്ന് ജില്ലാ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക്

പരിമിതമായ സാഹചര്യത്തില്‍ ഓടപ്പള്ളത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ സ്‌റ്റോറിന് പുതിയ കെട്ടിടമായി. നെന്മേനി പഞ്ചായത്തിന്റെ പ്ലാന്‍ ഫില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം ലക്ഷം രൂപ ചെലവിലാണ് ഓടപ്പള്ളത്തെ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടം പൂര്‍ത്തിയായത്. 2017-18 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ നിലവില്‍ ഓടപ്പള്ളം ഡിസ്‌പെന്‍സറിയോട് ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജില്ലയിലെ 41 സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലേക്കും മെഡിക്കല്‍ ക്യാമ്പുകളിലേക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ നിന്നാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്. ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ വഴി മരുന്നുകള്‍ വാങ്ങാനും അനുബന്ധ ചെലവുകള്‍ക്കുമായി ഇതിനകം 23,62,300 രൂപ ചെലവഴിച്ചു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ സ്‌റ്റോര്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം തന്നെ ഹോമിയോപ്പതിയുടെ അഞ്ചുകുന്ന് ജില്ലാ ആസ്പത്രിപുതിയ ഒ.പി ബ്ലോക്ക്, നെന്മേനി പഞ്ചായത്തിലെ ചീരാല്‍ എന്‍എച്ച്എം ആയുഷ് ഡിസ്‌പെന്‍സറി കെട്ടിടം എന്നിവയും ഉദ്ഘാടനം ചെയ്യും. അഞ്ചുകുന്ന് ജില്ലാ ആശുപത്രി, ഓടപ്പള്ളം എന്നിവിടങ്ങളില്‍ ജില്ലാ നിര്‍മിതി കേന്ദ്രയാണ് കെട്ടിടനിര്‍മാണ പവൃത്തി പൂര്‍ത്തിയാക്കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്കിന് 50 ലക്ഷം രൂപ ചെലവഴിച്ചു. ഇരുനില കെട്ടിടത്തില്‍ താഴത്തെ നിലയില്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫിസ്, സൂപ്ര് റൂം, ഫാര്‍മസി, റെക്കോര്‍ഡ് റൂം എന്നിവ പ്രവര്‍ത്തിക്കും. മെഡിക്കല്‍ ഓഫിസറുടെ മുറികളും കോണ്‍ഫറന്‍സ് ഹാളുമാണ് രണ്ടാം നിലയിലുള്ളത്. ഇരുനിലകളിലും ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ട്. ചീരാല്‍ എന്‍എച്ച്എം ആയുഷ് ഡിസ്‌പെന്‍സറി കെട്ടിടത്തിന് ഗ്രാമപ്പഞ്ചായത്തിന്റെ പ്ലാന്‍ ഫില്‍ നിന്ന് 26 ലക്ഷം രൂപ ചെലവിട്ടു. എല്‍എസ്ജിഡി എന്‍ജിനീയറിങ് വിങാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഫാര്‍മസി, വിശ്രമമുറി തുടങ്ങി ഡിസ്‌പെന്‍സറിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം 1,200 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തിലുണ്ട്. നിലവില്‍ ചീരാലില്‍ വാടകക്കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ വാടകക്കെട്ടിടത്തിലെ പരിമിതികള്‍ മറികടക്കാന്‍ കഴിയും.