**ജനുവരി 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
**പ്രയോജനം ലഭിക്കുക 750 ഓളം കലാകാരന്മാര്‍ക്ക്


തിരുവനന്തപുരം: കരകൗശല മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നിര്‍മാണം ആരംഭിച്ച വെള്ളാര്‍ കരകൗശല ഗ്രാമത്തിന് ഇനി പുതിയ മുഖം.
8.5 ഏക്കറില്‍ മനോഹരമായി ലാന്‍ഡ്‌സ്‌കേപ് ചെയ്ത വില്ലേജില്‍ എംപോറിയം, ആര്‍ട്ട് ഗാലറി, സ്റ്റുഡിയോകള്‍, ഡിസൈന്‍ സ്ട്രാറ്റജി ലാബ്, കഫെറ്റീരിയ, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കുളം, മേള കോര്‍ട്ട്, ഗെയിം സോണുകള്‍, വായനശാല, കൈത്തറി ഗ്രാമം, ശലഭോദ്യാനം, ആംഫി തീയറ്റര്‍, സുഗന്ധവിളത്തോട്ടം, ഔഷധ സസ്യോദ്യാനം തുടങ്ങിയവയാണ് പുതുതായി സജ്ജീകരിച്ചിട്ടുള്ളത്. നടപ്പാത, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, റോഡുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും പൂര്‍ത്തിയായി. 20 കോടി രൂപചെലവഴിച്ചാണ് ആദ്യ ഘട്ടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. നവീകരിച്ച വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ജനുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെ അറുപതോളം കലാകാരന്മാരുടെ ‘ഓവിയം’ ചിത്രപ്രദര്‍ശനവുമുണ്ട്.
ലോക ടൂറിസം ഭൂപടത്തിലെ ഹോട്ട് സ്പോട്ടായ കോവളത്താണ് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. അന്യംനിന്നു കൊണ്ടിരിക്കുന്ന കരകൗശല -കലാവൈദഗ്ദ്ധ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും കലാകാരന്മാര്‍ക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ക്രാഫ്റ്റ് വില്ലേജിലൂടെ സാധിക്കും. 750 കരകൗശല, കൈത്തൊഴില്‍ കലാകാരന്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
പതിവുരീതിയില്‍ പ്രദര്‍ശന- വിപണനങ്ങളിലും വിനോദങ്ങളിലും ഒതുങ്ങിനില്‍ക്കാതെ ആഭ്യന്തര – വിദേശ ടൂറിസ്റ്റുകള്‍ക്കും തദ്ദേശീയര്‍ക്കും ഒരുപോലെ ആകര്‍ഷകമാകും വിധം കലാ-സാംസ്‌കാരികോത്സവങ്ങള്‍ കോര്‍ത്തിണക്കിയുള്ള സാംസ്‌കാരികകേന്ദ്രം എന്ന നിലയിലാണ് ഗ്രാമം രൂപകല്‍പന ചെയ്തിരിക്കുന്നത്. 28 സ്റ്റുഡിയോകളിലായി 50 ഓളം ക്രാഫ്റ്റുകള്‍ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ സ്റ്റുഡിയോയിലും ഉത്പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. പെയിന്റിങ്ങുകള്‍, കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, പനയോല, തഴ, മുള, ഈറ്റ, ചിരട്ട, ചകിരി, തുണി തുടങ്ങിയവ കൊണ്ട് നിര്‍മിച്ച കൗതുകവസ്തുക്കളും ഉപകരണങ്ങളും ഇവിടെയുണ്ട്. ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്റിങ്, കേരളത്തിന്റെ ചുവര്‍ച്ചിത്രങ്ങള്‍, പ്രാചീന ഈജിപ്റ്റില്‍ ആവിര്‍ഭവിച്ചതായി കരുതുന്ന വര്‍ണ്ണോജ്ജ്വലമായ പേപ്പര്‍ ക്വില്ലിങ് തുടങ്ങി വ്യത്യസ്തതയുടെ വലിയ നിരയും ഇവിടെ ആസ്വദിക്കാനാകും.
കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്തുന്ന കലകളും, വിദേശകലാരൂപങ്ങളും ഇവിടെയെത്തുന്നവര്‍ക്ക് ആസ്വദിക്കാനാകും.  ഹ്രസ്വകാല വര്‍ക്ക് ഷോപ്പുകളും ട്രെയിനിങ്ങുകളും സംഘടിപ്പിക്കാനും ക്രാഫ്റ്റ് വില്ലേജ് വേദിയാകും. പെര്‍ഫോമിങ് ആര്‍ട്സിനു ട്രെയിനിങ് അക്കാദമിയും സാഹസികവിനോദങ്ങളും വൈജ്ഞാനിക വിനോദങ്ങളും അടങ്ങിയ ഗെയിം സോണും ഭാവിയില്‍ ഇവിടെ ആരംഭിക്കും. കരകൗശല-കൈത്തൊഴില്‍- കലാകാരന്മാര്‍ക്കായി പഠനഗവേഷണനകേന്ദ്രം, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെ സഹകരിപ്പിച്ച് കൊണ്ടുള്ള സ്ഥിരം വിപണന വേദിയും പ്രധാന ആകര്‍ഷണമാണ്.