ഭവനരഹിതർക്കായി സംസ്ഥാനത്തലത്തിലെ ആദ്യ ഫ്‌ളാറ്റ് സമുചയം തീർത്ത് മാതൃകയായകുകായാണ് അടിമാലി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 210 ഫ്‌ളാറ്റുകളാണ് ഭവനരഹിതർക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ചിട്ടുള്ളത്. വീടും ഭൂമിയുമില്ലാത്തവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഗ്രാമപഞ്ചായത്ത് ഒരു കുടക്കീഴിൽ 300ളം ഗുണഭോക്താക്കൾക്കായി പാർപ്പിട സമുചയം ഒരുക്കിയത്.അടിമാലി മച്ചിപ്ലാവിൽ തീർത്തിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മറ്റൊരു പ്രത്യേകത അംഗൻവാടി,വായനശാല, ആശുപത്രി, തുടങ്ങിയ പൊതു സംവിധാനങ്ങൾക്കൂടി ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്നു എന്നതാണ്. നിർമ്മാണം പൂർത്തിയായ ഫളാറ്റുകൾ അധികം വൈകാതെ അവകാശപ്പെട്ട ഉപഭോക്താക്കൾക്ക് കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പഞ്ചായത്തിൽ ലഭിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 280 പേരെ ഉൾപെടുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പുതിയ കെട്ടിട സമുച്ചയത്തിൽ ഒരു മേൽക്കൂരയുടെ കീഴിൽ ഒന്നിച്ചൊരു പുനരദ്ധിവാസം പ്രായോഗികമാണോ എന്ന് അവരിൽ നിന്നുതന്നെ നേരിട്ട് അറിയുകയായിരുന്നു ലക്ഷ്യം. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 26 കോടി രൂപയാണ് മുതൽ മുടക്കിയത്. എട്ട് മാസത്തെ സർവ്വേയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത 280 ആളുകളാണ് ഉപഭോക്തൃ സംഗമത്തിൽ പങ്കെടുത്തത്. ഒരു കുടക്കിഴിലുള്ള കെട്ടിട സമുച്ചയമെന്ന ആശയത്തെ ഇതിനകം അർഹതപ്പെട്ട മുഴുവൻ ഭവനരഹിതരും സ്വാഗതം ചെയ്തിട്ടുണ്ട്. രണ്ടു മുറികൾ, അടുക്കള, ഹാൾ, ശൗചാലയം എന്നിവയടങ്ങുന്ന 210 ഫ്‌ളാറ്റുകളാണ് അടിമാലി മച്ചിപ്ലാവിൽ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. ഇതിൽ ആറു ഫ്‌ളാറ്റുകളിലായിട്ടാണ് ആശുപത്രി, അംഗൻവാടി, വായനശാല എന്നിവ ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മാതൃകാ ലൈഫ് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തെന്ന ബഹുമതിയും ഇതോടെ അടിമാലിക്ക് സ്വന്തമാകും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിൽ 473 ഭൂരഹിതരുടെ പട്ടികയാണ് ഗ്രാമപഞ്ചയത്ത് തയ്യാറാക്കിയത്. നിലവിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളാറ്റുകളുടെ താക്കോൽ ദാനം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ പറഞ്ഞു. പിന്നോക്ക ഗ്രാമീണ മേഖലകളിൽ ഉള്ളവരെകൂടി ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവൻ ആളുകളിലേക്കും ലൈഫ് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.