നെടുംകുന്നം ഗ്രാമ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡിലെ 114-ാം നമ്പര്‍ അങ്കണവാടി സ്വന്തമായി സ്ഥലം കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷമായി വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കല്‍ എന്ന സ്ഥലത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം വാങ്ങുന്നതിനുള്ള തുക  കണ്ടെത്തുന്നതിനായി ഒരു സമിതി രൂപീകരിച്ച് നാട്ടിലെ യുവധാര ക്ലബിന്റെ കൂപ്പണ്‍ പിരിവ് നടത്തിയിരുന്നു.    50 രൂപ വിലയുള്ള സമ്മാനകൂപ്പണുകളാണ് വിതരണം ചെയ്തത്. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ സംഭാവനകളും കൂപ്പണ്‍ വിതരണത്തില്‍ കിട്ടിയ തുകയും ചേര്‍ത്ത് മൂന്ന് ലക്ഷത്തി ആറായിരം രൂപ സമാഹരിച്ചതും 2.5 ലക്ഷം രൂപ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചതും ഉള്‍പ്പെടെ 5.56 ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്. അങ്കണവാടിക്ക് കണ്ടെത്തിയ  5 സെന്റ് സ്ഥലം  ആധാരം നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക്  കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യാ, കുടുംബശ്രീ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടത്തിയത്. ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന 14-ാം വാര്‍ഡ് ഗ്രാമസഭയില്‍ വച്ച് പഞ്ചായത്ത് സെക്രട്ടറി  ശ്രീജിത്തിന് പഞ്ചായത്ത് പ്രസിഡന്റ് ആധാരം കൈമാറി. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്‍ ,ബ്ലോക്ക് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് , ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, വെറ്റിനറി അസിസ്റ്റന്റ് റ്റാജി ലിയോണ്‍ എ. ഡി.എസ് പ്രസിഡന്റ് എല്‍സി ജോസഫ് ,സെക്രട്ടറി മിനി സജി , സോജമ്മ സക്കറിയ ,അനീഷ് കുമാര്‍ ടി.എന്‍, വയോജന ക്ലബ് അംഗങ്ങളായ കാനം രാജപ്പന്‍, ഗോപി കൊല്ലം പറമ്പില്‍, അങ്കണവാടി ടീച്ചര്‍ ലിസി ജോണ്‍, ഷൈനി തോമസ് ,കൃഷ്ണന്‍കുട്ടി പണിക്കര്‍ കറ്റുവെട്ടി എന്നിവര്‍ സംസാരിച്ചു.