2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.