സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജിയുടെ നേതൃത്ത്വത്തിൽ കളക്‌ട്രേറ്റ് എ.പി.ജെ ഹാളിൽ നടന്ന അദാലത്തിൽ 58 കേസുകൾ തീർപ്പാക്കി. ആകെ 69 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്. പുതുതായി 45 പരാതികൾ ലഭിച്ചു. പുതിയതായി ലഭിച്ച പരാതികൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നു റിപ്പോർട്ട് തേടി നടപടികൾ സ്വീകരിക്കുമെന്നു കമ്മീഷൻ അധ്യക്ഷൻ ബി എസ് മാവോജി പറഞ്ഞു. പോലിസിനെതിരേ 13 പരാതികൾ ലഭിച്ചു. ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. ഭൂമി വാങ്ങി നൽകുന്നതിൽ ഉയർന്ന ക്രമക്കേടുകളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശദീകരണം തേടും. ഇത്തരം കേസുകളിൽ വിജിലൻസ് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു. തൃക്കൈപ്പറ്റ നെല്ലിമാളത്ത് അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച ആദിവാസി യുവാവിനെ മതംമാറാൻ പ്രേരിപ്പിച്ച് മർദിച്ച സംഭവവും കമ്മീഷന്റെ മുമ്പാകെ വന്നു. ഈ കേസിൽ പോലിസിനെതിരേ പരാതിയുണ്ട്. പരാതിക്കാരനായ യുവാവിനെതിരേ കേസെടുത്ത് ജയിലിലടച്ച സംഭവത്തിൽ പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം ഡിജിപിയോട് അന്വേഷിക്കാൻ കമ്മീഷൻ ആവശ്യപ്പെടും. സഹകരണബാങ്കുകളിൽ സംവരണം നടപ്പാക്കണമെന്ന സർക്കാർ നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ കമ്മീഷൻ നിർദേശിക്കും. ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ കമ്മീഷൻ സംതൃപ്തി പ്രകടിപ്പിച്ചു. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി പോലിസ്, എക്‌സൈസ് വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിവാസി യുവാക്കൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് സർക്കാർ ജീവനക്കാർ ജാമ്യം നിൽക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെടും. ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് യൂണിഫോമിനും മറ്റുമായി വരുന്ന ചെലവുകൾ ഗ്രാന്റായി നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശം നൽകിയതായും കമ്മീഷൻ അറിയിച്ചു. ഇതിനാവശ്യമായ തുക ഇതര ഫണ്ടുകളിൽ നിന്നു വിനിയോഗിക്കാം. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ കമ്മീഷൻ പ്രത്യേക ഉത്തരവ് നൽകുമെന്നും കമ്മീഷൻ അറിയിച്ചു. മൂന്നു ബെഞ്ചുകളിലായാണ് കമ്മീഷൻ കേസുകൾ പരിഗണിച്ചത്. കമ്മീഷൻ അംഗങ്ങളായ അഡ്വ. ബി എസ് സിജ, എസ് അജയകുമാർ എന്നിവർ പരാതികൾ കൈകാര്യം ചെയ്തു. ആദിവാസികൾക്ക് ഭൂമി വാങ്ങുന്നതിൽ ഉയർന്ന അഴിമതിയാരോപണവും ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും സംബന്ധിച്ച് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളാണ് ആദ്യം പരിഗണിച്ചത്. സബ് കലക്ടർ എൻ എസ് കെ ഉമേഷ്, എഡിഎം കെ എം രാജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.