ജനാധിപത്യസമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളുടെ പ്രാധാന്യം വർദ്ധിക്കുംതോറും അതിനുമേലുള്ള കോർപറേറ്റ് നിയന്ത്രണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു; ബഹുരാഷ്ട്ര കോർപ്പറേറ്റുകളാണ് മാധ്യമരംഗം കയ്യടക്കിയിരിക്കു ന്നതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാർഡുകളുടെയും ബിരുദാനന്തര ഡിപ്ലോമയുടെ സർട്ടിഫിക്കറ്റുകളുടെയും വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായി രുന്നു അദ്ദേഹം.
കൃത്യമായ അജണ്ട വച്ചുകൊണ്ടാണ് കോർപറേറ്റുകളുടെ നീക്കം എന്നതിനാൽ തന്നെ വാർത്താവതരണം വാണിജ്യവത്ക്കരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന വലിയ മത്‌സരങ്ങളുടെയും സ്വാധീനങ്ങളുടേയും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എങ്ങനെ മുന്നോട്ടുപോകാം എന്ന് മാധ്യമപ്രവർത്തകർ ചിന്തിക്കണം. ഏതുതരത്തിലുള്ള നിയന്ത്രണം ഉണ്ടായാലും സ്വതന്ത്രാവകാശം സംരക്ഷിക്കാൻ തയ്യാറുണ്ടോ എന്നത് മാധ്യമപ്രവർത്തകരെ സംബന്ധിച്ച് പ്രധാനമാണ്. വ്യാജവാർത്താ നിർമ്മിതികളുടെ പശ്ചാത്തലത്തിൽ മാധ്യമ സാക്ഷരത പകർന്നു കൊടുക്കാൻ മാധ്യമപ്രവർത്തകരുടെ സംഘടനകൾക്ക് കഴിയണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ജനാധിപത്യപരമായ സാധ്യതകൾ ഉപയോഗപ്പെടുത്തി ജനങ്ങളിൽ മാധ്യമ സാക്ഷരത ഉണ്ടാക്കിയെടുക്കാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ റെയിലിനായി അക്കാദമി മന്ദിരം പൊളിക്കുന്നതിന് മുൻപ് തന്നെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനും അക്കാദമിയുടെ ഫെല്ലോഷിപ്പ് പുതിയ സാമ്പത്തിക വർഷവും തുടരാനുമുള്ള സാമ്പത്തികസഹായം മന്ത്രി വാഗ്ദാനം ചെയ്തു.
അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്നവർക്ക് മാനവിക ബോധവും സഹജീവിസ്‌നേഹവും ഉണ്ടാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. തിരുവനന്ത പുരത്ത് മോഡേൺ സ്‌കിൽ സെന്റർ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ചെയർമാൻ പറഞ്ഞു.
പഠിച്ചതെല്ലാം പ്രയോഗത്തിൽ വരുത്താൻ പറ്റിയ പ്രവർത്തനരംഗങ്ങൾ വിദ്യാർത്ഥി കൾക്ക് ലഭ്യമാകട്ടെയെന്ന് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ പ്രമുഖ സാഹിത്യ കാരിയും അക്കാദമി ഫാക്കൽറ്റി അംഗവുമായ ഡോ. എം. ലീലാവതി പറഞ്ഞു.

മികച്ച അന്വേഷണാത്മകറിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് – എ.എസ്. ഉല്ലാസ്, (മലയാള മനോരമ), മികച്ച ഹ്യൂമൻ ഇന്ററസ്റ്റ്‌സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് – വി.പി. നിസാർ (മംഗളം), മികച്ച പ്രാദേശിക പത്രപ്രവർത്തന ത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് – എൻ.പി. ഹരിദാസ് (മാതൃഭൂമി), മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് – കെ.എം.സന്തോഷ്‌കുമാർ (കേരളഭൂഷണം), മികച്ച ന്യൂസ്‌ഫോട്ടോഗ്രാഫിക്കുള്ള മീഡിയ അക്കാദമിഅവാർഡ് – മനു ഷെല്ലി, (മെട്രോവാർത്ത), മികച്ച ദൃശ്യ മാധ്യമപ്രവർത്തനത്തി നുള്ള കേരള മീഡിയ അക്കാദമി അവാർഡ് – സലാം പി ഹൈദ്രോസ്, (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ കേരള മീഡിയ അക്കാദമിയുടെ മാധ്യമ പുരസ്‌കാരം 2016 മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂരിനെ പി.ടി.തോമസ് എം.എൽ.എ പൊന്നാടയണിയിച്ചു. സജീവ് പാഴൂരിനുള്ള ഉപഹാരം മന്ത്രി തോമസ് ഐസക് സമ്മാനിച്ചു. മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ നിർമ്മിച്ച ‘നോ ഹോൺ ഡേ’ സന്ദേശം പകരുന്ന ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു.
കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ കോൺവൊക്കേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമി ഫാക്കൽറ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത് എന്നിവർ സംസാരിച്ചു.