കൊച്ചി: വിദേശിയരുടേയും സ്വദേശിയരുടെയും പ്രിയപ്പെട്ട ഇടമായ ഫോർട്ട് കൊച്ചി ബീച്ചിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ഈയിടെയായി കായലിൽ നിന്നും വലിയ അളവിൽ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോർട്ടുകൊച്ചി ബീച്ചിൽ അടിഞ്ഞുകൂടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ഫോർട്ടുകൊച്ചി ബീച്ചിൽ ജെസിബി ഉപയോഗിച്ച് പ്രത്യേക ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.

ഡിസംബർ അവസാന ആഴ്ചയിൽ ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 5 ദിവസത്തോളം ജെസിബിയുടെ സഹായത്തോടെ വൃത്തിയാക്കിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കകം വീണ്ടും കായലിൽ നിന്നും പായൽ ഉൾപ്പെടെയുള്ള മാലിന്യം തീരത്ത് അടിഞ്ഞ് കൂടുകയായിരുന്നു. ഈ സാഹചര്യത്തിൽ ടൂറിസം ഡയറക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരം ചൊവ്വാഴ്ച മുതൽ ഒറ്റത്തവണ ശുചിയാക്കൽ പ്രക്രിയ ആരംഭിക്കുന്നത്.

ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ നടത്താൻ ഡിറ്റിപിസി ചെയർമാൻ അനുവാദം നൽകി. ബീച്ചിൽ അടിഞ്ഞുകൂടിയിരിക്കുന്ന മുഴുവൻ മാലിന്യവും നീക്കം ചെയ്യുന്നതു വരെ ശുചീകരണ പ്രവർത്തികൾ തുടരും. നഗരസഭയുടെ നേതൃത്വത്തിലും ഒരു ഹിറ്റാച്ചി ഏർപ്പെടുത്തി ശുചീകരണം നടത്തുന്നുണ്ട്. മാലിന്യം കയറ്റി കൊണ്ട് പോകുന്നത് നഗരസഭയാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ കീഴിൽ ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ പദ്ധതി പ്രകാരം 12 കുടുംബശ്രീ തൊഴിലാളികളെയും ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിൽ 12 തൊഴിലാളികളും ഉൾപ്പെടെ ആകെ 24 തൊഴിലാളികളും ദിവസവും ഫോർട്ട് കൊച്ചിയിൽ ശുചീകരണം നടത്തി വരുന്നുവെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു.