ജലസംരക്ഷണ പ്രവർത്തനങ്ങൾ ജലക്ഷാമത്തിന്റെ രൂക്ഷത കുറച്ചു
സൗകര്യവും സാമ്പത്തിക ലാഭവും പരിഗണിച്ച് കുഴൽ കിണറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി അത് പരിമിതപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജല പാർലമെന്റ് ജനങ്ങളോട് അഭ്യർഥിച്ചു. സ്വന്തമായി കിണർ കുഴിക്കാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ കുടിവെള്ളത്തിനായി പൊതു കിണറുകളെ ആശ്രയിക്കണം. കുടിവെള്ളത്തിനുള്ള അവസാന മാർഗമെന്ന രീതിയിൽ മാത്രമേ കുഴൽ കിണറിനെ കാണാൻ പാടുള്ളൂ എന്നും യോഗം അറിയിച്ചു. ഭൂഗർഭ ജലത്തിന്റെ തോത് ഭയാനകമാം വിധം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുഴൽക്കിണറുകൾ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലപാർലമെന്റ് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ജലപാർലമെന്റ് പി.കെ ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സംയുക്ത പദ്ധതികൾ നടപ്പിലാക്കണമെന്ന് അവർ പറഞ്ഞു. വലിയ പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി പ്രവർത്തിക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ ജലസംരക്ഷണത്തിൽ കണ്ണൂർ ജില്ല മാതൃക സൃഷ്ടിക്കണമെന്നും എം.പി പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ജലപാർലമെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ള സംഭരണം ഉൾപ്പെടെ വിവിധ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ 28 ഗ്രാമപഞ്ചായത്തുകളിൽ ജലലഭ്യത വർധിച്ചതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചൂണ്ടിക്കാട്ടി. ബാക്കിയുള്ള പഞ്ചായത്തുകളും നഗരസഭകളും കോർപറേഷനും ഈ വർഷം ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ടാങ്കറുകൾ വഴിയുള്ള കുടിവെള്ള വിതരണം ജില്ലയിൽ ഇതുവരെ ആരംഭിക്കേണ്ടി വന്നിട്ടില്ലെന്ന് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് പറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജലക്ഷാമം ഈ വർഷം കുറവാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ജയബാലൻ മാസ്റ്റർ, വി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടർ കെ.എം രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദൻ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞവർഷം ജില്ലയിൽ നടത്തിയ മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനങ്ങളും ജില്ലയിലെ മഴ ലഭ്യത, ഭൂഗർഭജലത്തിന്റെ തോത് തുടങ്ങിയ സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടുത്തിയ പ്രസന്റേഷൻ ചടങ്ങിൽ അവതരിപ്പിച്ചു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖകൾ ഉൾപ്പെടുത്തിയ ഹരിതകേരളം മിഷന്റെ കൈപ്പുസ്തകവും ചടങ്ങിൽ വിതരണം ചെയ്തു.