തൃശ്ശൂർ:ജില്ലയിൽ പ്രവർത്തനമാരംഭിച്ച തിയ്യറ്ററുകളിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും
തൃശൂർ സെവൻ കേരള ഗേൾസ്‌ എൻ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തിൽ എൻ സി സി കേഡറ്റുകൾ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ട ബോധവത്ക്കരണ സന്ദേശങ്ങളാണ് രാവിലെ 9നും ഉച്ചയ്ക്ക് 12നുമുള്ള ഷോകൾക്ക് മുൻപ് നൽകിയത്. ചലച്ചിത്ര മേഖലയിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് തിയ്യറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഒരു വർഷമായുള്ള കോവിഡ് വ്യാപന ഭീതിയിൽ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി വിവിധ തൊഴിൽ മേഖലകൾ ഇത്തരത്തിൽ പ്രവർത്തനമാരംഭിക്കുന്നുണ്ട്.

കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ തിയ്യറ്ററുകൾ തുറക്കുന്നതിന് അതീവ ജാഗ്രത പുലർത്താൻ നിർദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻ്റെയും എൻസിസിയുടെയും ഇടപെടൽ. സെവൻ കേരള ഗേൾസ്‌ ബറ്റാലിയൻ കമന്റിങ് ഓഫീസർ കേണൽ ജോസഫ് ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ഇൻസ്ട്രക്ടർ മഞ്ജു മോഹൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.