പത്തനംതിട്ട:  മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രത്തിന് പോലീസിനെ സജ്ജമാക്കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനായി ജില്ലയില്‍ 13 മേഖലകളായി തിരിച്ചു പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നിലക്കല്‍ ഇലവുങ്കല്‍ മേഖലയിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല ഡിസിആര്‍ബി ഡിവൈഎസ്പി യേയും ഇലവുങ്കല്‍ പ്ലാപ്പള്ളി മേഖലയുടേത് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി യേയും മുഴുവന്‍ ക്രമീകരണങ്ങളുടെയും ചുമതല പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിനെയും ഏല്പിച്ചു. ഗതാഗത നിയന്ത്രണം ഇന്ന്(വ്യാഴം) രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്നതിനു വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. വയര്‍ലെസ് സംവിധാനം ഉള്‍പ്പെടെയുള്ള ബൈക്ക് പട്രോളിങ് സംഘത്തെ നിയോഗിക്കാന്‍ എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്.
നിലക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ഇലവുങ്കല്‍, കണമല, പ്ലാപ്പള്ളി, ളാഹ, പെരുനാട്, വടശേരിക്കര വഴി മടക്കയാത്ര തുടരണം. എരുമേലിയില്‍ നിന്നുള്ള വാഹനങ്ങളെ നിലക്കലേക്കു പോകാന്‍ ചെത്തോങ്കരയില്‍ അനുവദിക്കില്ല. പകരം മന്ദിരംപടി, വടശ്ശേരിക്കര വഴി പോകാന്‍ അനുവദിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥര്‍ നിലവിലെ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നതിനും ഗതാഗത നിയന്ത്രണം പിഴവില്ലാതെ നടത്തുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.