കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് ഇത് ചരിത്ര നേട്ടം. ജില്ലയിലെ കായിക രംഗത്തിന് കുതിപ്പേകി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കായിക രംഗത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച പദ്ധതികളാണ് ഓരോന്നും. ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇ.എം.എസ് സ്റ്റേഡിയം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും.

ഇ.എം.എസ് സ്റ്റേഡിയം ഫെബ്രുവരിയില്‍

ഫെബ്രുവരി 15ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം ജില്ലയ്ക്ക് സമര്‍പ്പിക്കും. 17 കോടി രൂപ ചെലവില്‍ കിഫ്ബിയാണ് നിര്‍മ്മിച്ചത്. 400 മീറ്റര്‍ സ്റ്റേഡിയം ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയമാകും. വോളിബോള്‍, സ്വിമ്മിങ് പൂള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി മത്സരിച്ച മണ്ഡലത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം അദ്ദേഹത്തിന്റെ നാമധേയത്തില്‍ അറിയപ്പെടും.

രണ്ട് വര്‍ഷത്തിനുള്ളില്‍ എം.ആര്‍.എസ് ഇന്‍ഡോര്‍ സ്റ്റേഡിയം

തൃക്കരിപ്പൂര്‍ എം.ആര്‍.എസ് ഇന്‍ഡോര്‍ സ്റ്റേഡിയം ടെന്‍ഡര്‍ പൂര്‍ത്തിയായി. 28 കോടി രൂപ ബജറ്റില്‍ വകയിരുത്തിയാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തി നടത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകും.

ചെമ്മനാട് ജില്ലാ സ്റ്റേഡിയം ഉടന്‍

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായത്തില്‍ ജില്ലാ സ്റ്റേഡിയം ഉടന്‍ ആരംഭിക്കും. 13 കോടി രൂപ ചെലവില്‍ 400 മീറ്റര്‍ ട്രാക്കാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകത.

ജില്ലയിലെ ആദ്യത്തെ സ്പോര്‍ട്സ് ഡിവിഷന്‍ ചായ്യോത്ത്

ജില്ലയിലെ ആദ്യത്തെ സ്പോര്‍ട്സ് ഡിവിഷന്‍ ചായ്യോത്ത് മാര്‍ച്ച് മാസം ഉദ്ഘാടനം ചെയ്യും. 7,8 ക്ലാസുകളിലെ 60 കുട്ടികള്‍ക്കാണ് പ്രവേശനം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കും. ചായ്യോത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബില്‍ഡിങ് ബ്ലോക്കിലെ ക്ലാസ് മുറികള്‍ ഉപയോഗപ്പെടുത്തും.

സ്പോര്‍ട്സ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉദയഗിരിയില്‍

ഉദയഗിരി ഹോസ്റ്റലിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലത്ത് സ്പോര്‍ട്സ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ആരംഭിക്കും. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 3.6021 കോടി രൂപ ചിലവഴിച്ചാണ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ആരംഭിക്കുന്നത്. ഇവിടെ കബഡി, വോളിബോള്‍ ഇനങ്ങള്‍ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് ഈ മാസം തറക്കല്ലിടും.

കൊടിയമ്മയില്‍ കബഡി അക്കാദമി

ദേശീയ തലത്തില്‍ പ്രതിഭ തെളിയിച്ച കാസര്‍കോടിന്റെ കബഡി താരങ്ങള്‍ക്ക് അംഗീകാരമായി മഞ്ചേശ്വരം കൊടിയമ്മയില്‍ കബഡി അക്കാദമി ആരംഭിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 1.75 കോടി രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന അക്കാദമിയുടെ തറക്കല്ലിടല്‍ ഈ മാസം നടക്കും.

വിദ്യാനഗറില്‍ നീന്തല്‍ പരിശീലന കേന്ദ്രം

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് എച്ച്.എ.എല്‍ സാമൂഹ്യ പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നീന്തല്‍ പരിശീലന കേന്ദ്രം ആരംഭിക്കും. ഇവിടെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കും. മറ്റുള്ളവരില്‍ നിന്ന്് നിശ്ചിത ഫീസ് ഈടാക്കി നീന്താന്‍ അനുവദിക്കും.

ജില്ലയ്ക്ക് അഭിമാനമായി ടെന്നീസ് സ്റ്റേഡിയം

ഗെയിലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച്് ജില്ലയ്ക്ക് ടെന്നീസ് സ്റ്റേഡിയം ഒരുക്കി. ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയം കാസര്‍കോടിന് അഭിമാനമാണ്. 2.6 കോടി രൂപ ചെലവില്‍ കാലിക്കടവില്‍ 200 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം ആരംഭിക്കും. ഉദയഗിരി ഹോസ്റ്റല്‍ നവീകരണത്തിനായി 1 കോടി രൂപ മുതല്‍ മുടക്കി പൂര്‍ത്തിയാക്കി. കളക്ടറേറ്റിന് മുന്നില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഓപ്പണ്‍ ജിം സ്ഥാപിച്ചു.

താരങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍

സന്തോഷ് ട്രോഫി താരം പിലിക്കോടെ കെ.പി രാഹുലിന് കായിക വകുപ്പ് സ്വന്തമായി വീടും സര്‍ക്കാര്‍ ജോലിയും നല്‍കി. ദേശീയ ഫുട്ബോള്‍ താരം നീലേശ്വരം ബങ്കളത്തെ ആര്യശ്രീക്ക് വീട് കായിക വകുപ്പ് നിര്‍മ്മിച്ചു നല്‍കി.
മലയോരത്തും മഞ്ചേശ്വരം മണ്ണും കുഴിയിവും സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയങ്ങള്‍, സംസ്ഥാനത്ത് ആരംഭിക്കുന്ന കായിക സര്‍വ്വകലാശാലയുടെ ആസ്ഥാനം എന്നിവിയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട അടുത്ത പദ്ധതികളെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍ പറഞ്ഞു.