പത്തനംതിട്ട:   കോവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീര്‍ഥാടനം മികച്ചനിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനത്തിനായി മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തവണയും ഒരുക്കിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.

വാസുവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ യോഗങ്ങള്‍ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ്, അന്നദാനം, കുടിവെള്ളം, ടോയ്ലെറ്റ്, ആരോഗ്യ പരിരക്ഷ, പമ്പയില്‍ സ്‌നാനത്തിന് ഷവര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയിലൊരുക്കി ദേവസ്വംബോര്‍ഡും വിവിധ വകുപ്പുകളും സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്തു.

മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ശബരിമല സന്നിധാനത്ത് ഒരുക്കിയത്. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വലിയ നടപ്പന്തലിനു മുന്‍പായി ഒഴുകുന്ന വെള്ളത്തില്‍ പാദം കഴുകാനുള്ള സൗകര്യമൊരുക്കി. കാല്‍ കഴുകിയതിനു ശേഷം സെന്‍സറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറില്‍ കൈ ശുചിയാക്കുവാന്‍ സംവിധാനം ക്രമീകരിച്ചു.

കൈശുചിയാക്കിയ ശേഷം കാല്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസര്‍ കൊണ്ട് നിറച്ച ചവിട്ടിയിയും സ്ഥാപിച്ചിരുന്നു. ചവിട്ടിയിലൂടെ കടന്നാല്‍ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളു.
കോവിഡ് 19 കാലയളവില്‍ നഗ്‌നപാദരായി വരുന്ന ഭക്തജനങ്ങളുടെ കാല്‍ ശുചിയാക്കല്‍ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പതിനെട്ടാം പടിക്ക് മുന്‍പിലും ഹാന്‍ഡ് സാനിറ്റൈസറും, കാല്‍ ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. സന്നിധാനത്തെ വിവിധ ഇടങ്ങളില്‍ പെഡസ്ട്രിയല്‍ ടൈപ്പ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചു.

തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും മാസ്‌കും, ഗ്ലൗസും നല്‍കി. ഇതിനു പുറമേ തീര്‍ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് മാസ്‌കും, ഗ്ലൗസും കൂടാതെ ഫേസ് ഷീല്‍ഡും നല്‍കിയിരുന്നു. ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കി. ഉപയോഗിച്ച മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചു. ജീവനക്കാരിലെ കോവിഡ് ബാധ കണ്ടെത്തുന്നതിനായി സന്നിധാനത്ത് ആന്റിജന്‍ പരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. സന്നിധാനത്ത് വച്ച് രോഗബാധ സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് നീക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സും ഏര്‍പ്പെടുത്തിയിരുന്നു.

അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ ദിവസവും രാത്രി ഫോഗ് ചെയ്ത് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കി. തിരുമുറ്റം, ലോവര്‍ തിരുമുറ്റം, പതിനെട്ടാം പടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം- അരവണ കൗണ്ടര്‍, വലിയനടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങള്‍ ഫയര്‍ ഫോഴ്‌സ് അണു വിമുക്തമാക്കിയിരുന്നു. തീര്‍ഥാടകര്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സന്നിധാനത്ത് മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

വലിയ നടപ്പന്തല്‍, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദം കൗണ്ടറുകള്‍, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാര്‍ക്കിംഗ് ചെയ്തിരുന്നത്. വലിയ നടപ്പന്തലില്‍ മാത്രം 351 മാര്‍ക്കുകളാണ് ചെയ്തത്. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിന് പമ്പ ത്രിവേണിയില്‍ പ്രത്യേക ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയാറ്റിലെ സ്നാനം നിരോധിച്ചതിന് പകരമായിട്ടാണ് താത്കാലിക ഷവര്‍ സംവിധാനം പമ്പ ത്രിവേണിയില്‍ ഏര്‍പ്പെടുത്തിയത്.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തീര്‍ഥാടകരുടെ എണ്ണം തുടക്കത്തില്‍ ആയിരമെന്ന നിലയില്‍ പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരമായും തുടര്‍ന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി ഉയര്‍ത്തി. കോവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്. ഇതിനായി നിലയ്ക്കലില്‍ ലാബ് ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി ആരോഗ്യവകുപ്പിന്റെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കി.

ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ഇത്തവണ കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തു.ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്ന് സന്ദര്‍ശനത്തിനെത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ശബരിമല സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തരുടെ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതി ദേവസ്വം ബോര്‍ഡ് നടപ്പാക്കിയത് ഏറെ ജനകീയമായി. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവ ഉള്‍പ്പെടുന്ന പ്രസാദ കിറ്റാണ് രാജ്യമെമ്പാടുമുള്ള ഭക്തര്‍ക്ക് ലഭ്യമാക്കിയത്.

നിലയ്ക്കലില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി പമ്പയിലേക്ക് കെഎസ്ആര്‍ടിസി ആവശ്യാനുസരണം ചെയിന്‍ സര്‍വീസ് നടത്തി. സന്നിധാനത്തുനിന്ന് അടിയന്തര ഘട്ടങ്ങളില്‍ തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഓഫ്‌റോഡ് ആംബുലന്‍സുകളും സന്നിധാനത്ത് സജ്ജമായിരുന്നു. വനം വകുപ്പിന്റ നേതൃത്വത്തില്‍ കാനന പാതയിലുണ്ടായിരുന്ന അപകടകരമായ മരങ്ങള്‍ വൃശ്ചികമാസത്തോടെ മുറിച്ചുമാറ്റിയിരുന്നു. മുന്‍പ് തീര്‍ഥാടകരുടെ സുരക്ഷയും ദര്‍ശനത്തിന് സഹായവും നല്‍കിയിരുന്ന പോലീസ് സേന ഇത്തവണ കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ലഹരിവ്യാപനം തടയുന്നതിനായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് റേഞ്ച് ഓഫീസുകളും പ്രവര്‍ത്തിച്ചു.

ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ എല്ലാ റോഡുകളും ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് മുന്‍പായി അറ്റകുറ്റപണി നടത്തി പൊതുമരാമത്ത് നിരത്ത് വിഭാഗം നവീകരിച്ചിരുന്നു. ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞ് താണതിനെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള വാഹനയാത്ര മുടങ്ങുമെന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി ഇടപെട്ട് പാത യാത്രാ യോഗ്യമാക്കി.