തൃശ്ശൂർ:  ജില്ലയിൽ പാലിയേറ്റീവ് പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് പരിപാടിയുടെ ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വേദനകളാൽ ഒറ്റപ്പെടുന്നവരെ മാറ്റി നിർത്തുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പാലിയേറ്റിവ് ദിനം ഒരു പുണ്യ ദിനമായി കാണണം. കിടപ്പ് രോഗികൾക്കും ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും താങ്ങാവാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി സൗജന്യ വിതരണത്തിന് തയ്യാറാക്കിയ കലണ്ടറിൻ്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ മേജർ ഡോ ടി വി സതീശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ, ജില്ലാ കോ ഓർഡിനേറ്റർ അഡ്വ ടി എസ് മായാദാസ്, ഡോ വി എസ് അഭയ എന്നിവർ സംസാരിച്ചു. ജില്ലയിൽ 133 ആരോഗ്യ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക ഗൃഹപരിചരണം നടന്നു.