കാസർഗോഡ്:ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി കോവിഡ് -19 വാക്സിനേഷൻ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നീലേശ്വരം താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ദൻ ഡോ. വി സുരേശനാണ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ ടി മനോജ്, കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി എന്നിവരും വാക്സിനേഷൻ സ്വീകരിച്ചു. വാസിനേഷൻ വേദന കുറവുള്ളതും സുരക്ഷിതവുമാണെന്നും ജില്ലയിൽ വാക്സിനെടുത്തതിന് ശേഷം ഇതുവരെയായായി ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.

ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ ഡോ. ആദർശ്, നീലേശ്വരം താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. സി. സുകു, മംഗൽപാടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് സൗമ്യ, ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡോ. അഭിഷേക് ചന്ദ്രൻ, പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ. രാജ് മോഹൻ, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ പ്രവർത്തക ദിജി എന്നിവർ ആദ്യ ഡോസുകൾ സ്വീകരിച്ചു.