തൃശ്ശൂർ: കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി; മർവയുടെ ‘വര’ സംസ്ഥാന ബഡ്ജറ്റിന്റെ ബാക്ക് കവർ

കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി പതിമൂന്നുകാരി മർവ വരച്ച ചിത്രം എത്തി നിന്നത് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിന്റെ ബാക്ക് കവറിൽ. പന്ത്രണ്ടാമത് സംസ്ഥാന ബഡ്ജറ്റിലെ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവറിലെ ചിത്രം വരച്ചത് തൃശൂർ അകലാട് സ്വദേശിയായ മർവയാണ്. പുന്നയൂർ ഗ്രാമപഞ്ചായത്തിൽ എസ് എസ് എം വി എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മർവ. ചെറുപ്പം മുതലേ ചിത്രകലയോട് അതീവ താല്പര്യം കാണിച്ചിരുന്ന മർവ ഇതിനകം നിരവധി ചിത്രങ്ങൾ വരച്ചു കഴിഞ്ഞു. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മർവ വരച്ച പൂന്തോട്ടത്തിന് കുട്ടികൾക്കുള്ള കേന്ദ്ര സർക്കാർ മെഡൽ ലഭിച്ചു.കൊറോണക്കാലത്തെ പഠനരീതിയും ജീവിതശൈലിയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണ് സംസ്ഥാന ബഡ്‌ജറ്റ്‌ ബാക്ക് കവറിലെ ചിത്രം. ഭാവിയിൽ ഡോക്ടർ ആകണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. ചിത്രകലയ്ക്ക് പുറമെ വോൾ പെയിന്റിങ്, അറബിക് കാലിഗ്രാഫി, സംഗീതം, നൃത്തം എന്നിവയും മർവ പരിശീലിക്കുന്നുണ്ട്.
ചാവക്കാട് അകലാട് സ്വദേശികളായ കല്ലൂരയിൽ മനാഫിൻ്റെയും ലുബിനയുടെയും മകളാണ് മർവ. സഫ, സന സഹോദരിമാരാണ്. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ മർവയെ വീട്ടിലെത്തി അനുമോദിച്ചു.