തൃശ്ശൂർ:വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021 എന്ന പേരിൽ നടക്കുക.

കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലാണ് വൈഗയ്ക്ക്‌ വേദിയൊരുങ്ങുക. റീജണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൌൺഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുക.

നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കപ്പെടുന്നു വെന്നതാണ് ഇത്തവണത്തെ വൈഗയുടെ പ്രത്യേകത. ഭരണ നിർവ്വഹണത്തിനും നിയമനത്തിനും പ്രശ്നപരിഹാരത്തിനുമായി വിവിധതലങ്ങളിൽ ഹാക്കത്തോൺ സങ്കേതം ഉപയോഗപ്പെടുത്താറുണ്ട്. വിദ്യാർഥികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ള വിവിധ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഇടവേളകളില്ലാത്ത ചർച്ചയിലൂടെയും സംവാദത്തിലൂടെയും പ്രശ്ന പരിഹാരം കണ്ടെത്തുക എന്ന സംവിധാനമാണ് ഹാക്കത്തോൺ. കൃത്രിമ ബുദ്ധിയുടെയും, റോബോട്ടിക്‌സ്, ഐ ഓ ടി പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം വർദ്ധിച്ചുവരുന്ന ഈ യുഗത്തിൽ നൂതന ആശയങ്ങൾ കാർഷികമേഖലയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ നേർ കാഴ്ചയായിരിക്കും അഗ്രി ഹാക്കത്തോൺ.

യുവസംരംഭകർക്കും കൃഷിയിലേക്ക് കടന്നുവരുന്ന യുവാക്കൾക്കും വേറിട്ട ഒരു അനുഭവമായിരിക്കും അഗ്രി ഹാക്കത്തോൺ.കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിലായി എക്സിബിഷൻ, സെമിനാറുകൾ വെബിനാറുകൾ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. ഇതോടൊപ്പം വ്യത്യസ്തതയാർന്ന എക്സിബിഷനുകളും നടക്കും. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ സ്ഥിരം വേദിയിലും കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ വെർച്വൽ പ്രദർശനം എന്നിവയും സംഘടിപ്പിക്കും. ഇത്തവണത്തെ പ്രധാന ആകർഷണമായ ‘വൈഗ ഓൺ വീൽസ് ‘ എക്സിബിഷൻ എന്ന സഞ്ചരിക്കുന്ന പ്രദർശനശാല ഉൾപ്പെടുത്തി വ്യത്യസ്തവും വർണ്ണാഭവുമായ രീതിയിലായിരിക്കും വൈഗ അഗ്രി ഹാക്കത്തോൺ 2021 സംഘടിപ്പിക്കുക. വൈഗ ഓൺ വീൽസ് പ്രദർശനം കെ എസ് ആർ ടി സി യുമായി സഹകരിച്ചാണ് നടത്തുക. വൈഗയുടെ പ്രചാരണം ഗ്രാമങ്ങളിൽ എത്തിക്കാനും ഇതിലൂടെ കഴിയും.