ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും
പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട വാരാപ്പുഴ ദേവസ്വംപാടംകരയിൽ ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ തുക മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനു
സരിച്ച് ക്ലാസ് 3 തസ്തികയിൽ സർക്കാർ ജോലി നൽകാനും തീരുമാനിച്ചു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ജീവനക്കാർക്ക് 2014 ജൂലൈ 1 മുതൽ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്പ്‌മെന്റിലെ ജീവനക്കാർക്ക് 2014 ജൂലൈ 1 മുതൽ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കും.

മേലാറ്റൂർ ആർ.എം.ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വിരമിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റൽ കേരള പ്രവർത്തനം ആരംഭിക്കുന്നതുവരെ പ്രൊഫസർ കേശവൻ വെളുത്താട്ടിനെ പുനർനിയമന വ്യവസ്ഥയിൽ മുസിരിസ് പ്രൊജക്ട് ലിമിറ്റഡിൽ കൺസൾട്ടന്റായി നിയമിക്കാൻ തീരുമാനിച്ചു.