ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ അവസരമൊരുക്കി കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ ജനുവരി 20 മുതല്‍ 22 വരെ പുസ്തകോത്സവം നടക്കും. പുസ്തകോത്സവത്തില്‍ 35 പ്രസാധകരുടെ 61 സ്റ്റാളുകളാണുണ്ടാകുക. ജനുവരി 20 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ കെ വി സുജാത മേള ഉദ്ഘാടനം ചെയ്യും.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്റെ അധ്യക്ഷനാകും. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥാലോകം പത്രാധിപരായി തെരഞ്ഞെടുക്കപ്പെട്ട പി വി കെ പനയാലിനെ ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ ഉപഹാരം നല്‍കി ആദരിക്കും. ഡോ.എ എം ശ്രീധരന്‍ വിവര്‍ത്തനം ചെയ്ത തുളുഭാഷയിലെ ആദ്യനോവല്‍ ‘സതി കമല’, പ്രശസ്ത കളിയെഴുത്തുകാരന്‍ എ എന്‍ രവീന്ദ്രദാസിന്റെ ‘കാല്‍പ്പന്തിലെഴുതിയ ദേശീയതയും ലാറ്റിന്‍ അതിജീവനവും’, രവീന്ദ്രന്‍ പാടിയുടെ ‘തുളുനാട് മുദ്രകള്‍’, ബിന്ദു മരങ്ങാടിന്റെ ‘ഓര്‍മകളുടെ നിഴലാഴങ്ങള്‍’, അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പളയുടെ ‘മഴവില്ല് എന്ന നഗരം’, നാരായണന്‍ അമ്പലത്തറയുടെ ‘ദേശത്തിന്റെ പുസ്തകം’ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ അംബികാസുതന്‍ മാങ്ങാട് പ്രകാശനം ചെയ്യും.