Kerala’s 50 Top Policies and Projects-30

കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയതിനെപ്പറ്റി വിശദീകരിച്ചിരുന്നല്ലോ. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ അവിദഗ്ധ തൊഴിലാളികൾക്കാണ് തൊഴിൽ നൽകാനായത്. എന്നാൽ വളരെ വേഗം നഗരവത്കരണം നടക്കുന്ന കേരളത്തിലെ നഗരങ്ങളിലെ ദരിദ്രരായ അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ കേന്ദ്രപദ്ധതികളില്ല. ഇത്തരത്തിലുള്ള വിടവ് മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ നഗരങ്ങളിൽ തൊഴിൽ നൽകാൻ ആവിഷ്‌കരിച്ച പദ്ധതിയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം 500 ശതമാനം വർദ്ധിപ്പിച്ച് 75 കോടി രൂപയായി സർക്കാർ ഉയർത്തി. കൂടാതെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 291 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെയെല്ലാം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തി നഗരങ്ങളിൽ തൊഴിൽ സൃഷ്ടിക്കാനുള്ള ജനക്ഷേമ നയമാണ് സർക്കാർ സ്വീകരിച്ചത്.

നിലവിലെ മറ്റ് പദ്ധതികളുമായി ബന്ധിപ്പിച്ച് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. നഗരങ്ങളിൽ ലൈഫ് മിഷൻ നിർമ്മിക്കുന്ന വീടുകൾക്ക് 90 തൊഴിൽദിനങ്ങളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകുന്നത്. ഇത് നടപ്പാക്കുന്നതിലൂടെ ഓരോ വീടിന്റെയും നിർമ്മാണത്തിന് നാല് ലക്ഷം രൂപ കൂടാതെ 26,190 രൂപ അധികമായി ലഭിക്കുന്നു.

ക്ഷീരകർഷകരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നയപരമായ തീരുമാനവും സർക്കാർ എടുത്തു. 2019-20 സമ്പത്തിക വർഷം 26.5 ലക്ഷം വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഗ്രാമങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയെന്ന പോലെ നഗരങ്ങളിലെ അവിദഗ്ധ തൊഴിലാളികൾക്കും തൊഴിൽ ലഭ്യമാക്കി ദാരിദ്യം ലഘൂകരിക്കാൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിച്ചു. ഒരോ വർഷവും 25 ലക്ഷത്തിലധികം വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് അയ്യങ്കാളി തൊഴിലുറപ്പിനെ ശക്തിപ്പെടുത്തിയത് ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.

#keralastop50policiesandprojects

#KeralaLeads