Kerala’s Top 50 Policies and Projects -31

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമങ്ങളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ നഗരങ്ങളിലും എങ്ങനെയാണ് കേരളം വിജയകരമായി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് മാതൃകയായതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ലേഖനങ്ങളിൽ വിശദീകരിച്ചിരുന്നല്ലോ ( ജനുവരി 20, 21). തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ആദിവാസി മേഖലകളിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേരളം ആവിഷ്‌കരിച്ച നൂതനമായ പദ്ധതിയാണ് കേരള ട്രൈബൽ പ്ലസ്. ഈ പദ്ധതിയെപ്പറ്റി ഇന്ന് വിശദീകരിക്കാം.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ കാർഡ് ലഭിച്ച എല്ലാ കുടുംബങ്ങൾക്കും പരമാവധി 100 തൊഴിൽ ദിനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഈ 100 ദിവസത്തിന് പുറമെ മറ്റൊരു 100 ദിവസം കൂടി തൊഴിൽ നൽകുകയാണ് ട്രൈബൽ പ്ലസ് പദ്ധതിയുടെ ലക്ഷ്യം. ഒരു വർഷം 100 ദിവസം തൊഴിലുറപ്പ് ദിനം പൂർത്തിയാക്കിയ പട്ടിക വർഗ്ഗ കുടുംബങ്ങൾക്കാണ് സംസ്ഥാന പട്ടിക വർഗ്ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അധികമായി 100 ദിവസം കൂടി തൊഴിൽ നൽകുന്നത്. 2017 ൽ തുടങ്ങിയ പദ്ധതിയിൽ ആദ്യ വർഷം തന്നെ 30,05,299 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. തൊട്ടടുത്ത സാമ്പത്തിക വർഷം 54,19,122 തൊഴിൽ ദിനങ്ങളാണ്് സൃഷ്ടിച്ചത്. 20,000ത്തിലധികം കുടുംബങ്ങൾക്കാണ് നൂറു ദിവസത്തിനു മുകളിൽ തൊഴിൽ ലഭിച്ചത്.

ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് അധികമായി 100 തൊഴിൽ ദിവസം നൽകുന്നത് കൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു ആശയം കൂടി കേരളത്തിൽ സർക്കാർ നടപ്പിലാക്കി. സാമൂഹിക അവസ്ഥ കാരണം ജോലി ചെയ്യുന്ന ദിവസം തന്നെ വേതനം ലഭിക്കേണ്ട സാഹചര്യമാണ് ആദിവാസി മേഖലകളിലുള്ളത്. പലപ്പോഴും ദിവസേന വേതനം ലഭിച്ചില്ലെങ്കിൽ തൊഴിലുറപ്പിലേക്ക് പല ഗോത്രവർഗ്ഗ കുടുംബങ്ങളും വരാൻ മടിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മനസിലാക്കിയാണ് പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ ആഴ്ചയും വേതനം നൽകാനായി പ്രത്യേക റിവോൾവിംഗ് ഫണ്ട് തയ്യാറാക്കുകയും തൊഴിലുറപ്പ് പദ്ധതിയുടെ തുക ലഭ്യമായതിന് ശേഷം റിവോൾവിംഗ് ഫണ്ട് തിരിച്ചടയ്ക്കുന്ന രീതിയിൽ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ പനമരം, മുട്ടിൽ, പുൽപ്പള്ളി പഞ്ചായത്തുകളിലുമാണ് റിവോൾവിംഗ് ഫണ്ടിലൂടെ ആഴ്ച തോറും വേതനം നൽകുന്ന രീതി നടപ്പിൽ വരുത്തിയത്. പട്ടിക വർഗ്ഗ വകുപ്പ് പ്രത്യേകമായി അനുവദിച്ച 11 കോടി രൂപ റിവോൾവിംഗ് ഫണ്ട് കുടുംബശ്രീയിലൂടെയാണ് വിതരണം ചെയ്യുന്നത്. 2018-19 ൽ ആവിഷ്‌കരിച്ച ഈ ആശയം പട്ടിക വർഗ്ഗ മേഖലയിലെ കുടുംബങ്ങളുടെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രാതിനിധ്യം കാര്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ഒപ്പം ട്രൈബൽ പ്ലസ് പദ്ധതിയും കൂടി നടപ്പിലാക്കിയതോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ തലത്തിലേക്ക് ഉയർത്താൻ കേരളത്തിനായി. സാമൂഹ്യ പിന്നാക്കവസ്ഥയിലുള്ള ജനവിഭാഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന സമഗ്ര നടപടികളാണ് മറ്റെല്ലാ മേഖലകളിലുമെന്നപോലെ തൊഴിലുറപ്പ് പദ്ധതിയിലും ‘കേരള മോഡൽ’ സൃഷ്ടിച്ചത്.
#keralastop50policiesandprojects
#KeralaLeads