കാസര്‍ഗോഡ്: 2021-22 സാമ്പത്തിക വര്‍ഷം 83.43 കോടി രൂപയുടെ ലേബര്‍ബജറ്റിനും കര്‍മ്മപരിപാടിക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്‍കി. പരപ്പ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ ബളാല്‍ 14.94 കോടി രൂപ, ഈസ്റ്റ് എളേരി 9.46 കോടി രൂപ, കളളാര്‍ 5.76 കോടി രൂപ, കിനാനൂര്‍ കരിന്തളം 9.87 കോടി രൂപ, കോടോം ബേളൂര്‍ 18.79 കോടി രൂപ, പനത്തടി 13.80 കോടി രൂപ, വെസ്റ്റ് എളേരി 10.56 കോടി രൂപ എന്നിങ്ങനെയാണ് അംഗീകാരം നല്‍കിയത്.

2021-22 സാമ്പത്തിക വര്‍ഷം 17 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും 33 കോടി രൂപയുടെ ആസ്തിവികസന പ്രവൃത്തി ഏറ്റെടുക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നടപ്പുവര്‍ഷം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും പരപ്പ ബ്ലോക്ക് പഞ്ചായത്താണ്. ഇതു വരെ 12 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതിന് പുറമേ 45 കോടി രൂപ ചെലവഴിക്കാനും പരപ്പ ബ്ലോക്കിന് സാധിച്ചു. ഇതുവരെ 3560 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കി. സുഭിക്ഷകേരളം പദ്ധതിയില്‍ 246 പശുതൊഴുത്തുകളും 60 ആട്ടിന്‍കൂടും 53 കോഴിക്കൂടും അടക്കം 540 വ്യക്തിഗത ആസ്തികളുടെ നിര്‍മ്മാണം ആരംഭിച്ചു.