സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകുന്ന പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച സ്‌കൂൾ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 31035.5 മീറ്റർ തുണി നെയ്തെടുത്തത്തിലൂടെ ജില്ലയിലെ കൈത്തറി മേഖലയിലുണ്ടായ ഉണർവ്വ് നിലനിറുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇനി നടപ്പാക്കേണ്ടത്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് യൂണിഫോമിനുള്ള തുണി നെയ്തെടുക്കാൻ കൈത്തറി തൊഴിലാളികളെ ഏൽപ്പിച്ചത്. നെയ്ത്ത് മേഖലയിലെ പ്രതിസന്ധി നേരിടുന്നതിന് തൊഴിലാളികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യവും പദ്ധതിയിലൂടെ സർക്കാർ സാധ്യമാക്കിയിരിക്കുകയാണ്. ഇതേ ലക്ഷ്യമാണ് വൈക്കത്ത് നടപ്പാക്കുന്ന ജനകീയ ടൂറിസം പദ്ധതിയിലും നടപ്പാക്കുക. ഈ പദ്ധതതിയിലൂടെ കൈത്തറിക്കു പുറമേ പാനെയ്ത്ത്, കയർ -കളിമൺപാത്ര നിർമ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്പാരാഗത തൊഴിൽ മേഖലയിലും പുത്തൻ ഉണർവുണ്ടാക്കാനാകും.
പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. 290 ടൈറ്റിലുകളിലുള്ള 12,24 284 പുസ്തകങ്ങളാണ് വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലയിൽ വിതരണം ചെയ്തിട്ടുള്ളത്. സ്‌കൂളുകൾ ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ പുസ്തകങ്ങളും കാക്കനാട് കെ.ബി.പി.എസ്സിലാണ് അച്ചടിച്ചത്. വിവിധ സ്‌കൂളുകളിലായി പ്രവർത്തിക്കുന്ന 864 സ്‌കൂൾ സൊസൈറ്റികൾ മുഖേനമാർച്ച് 31 നകം പുസ്തകം വിതരണം പൂർത്തിയാക്കിയിരുന്നു. വൈക്കം ഗവ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച നെയ്ത്തുകാരിയായി തെരഞ്ഞെടുത്ത മറവൻതുരുത്ത് നെയ്ത്ത് സംഘത്തിലെ വത്സല, മുതിർന്ന നെയ്ത്തുകാരായ സരസമ്മ, രാധാമണി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വൈക്കം നഗരസഭാ ചെയർപേഴ്സൺ ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി.സുഗതൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാരൻ നായർ, കൗൺസിലർ ഡി.രഞ്ജിത് കുമാർ വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.കെ.അരവിന്ദാക്ഷൻ, ഡിഇഒമാരായ ടി.കെ.മിനി, സി. ഷൈലകുമാരി, ഹെഡ്മാസ്റ്റർ പി.കെ.ഹരിദാസ് എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജീവ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ എ. ജെ. സൈറസ് നന്ദിയും പറഞ്ഞു. ജില്ലയിലെ 40 തറികളിലായി ഉൽപ്പാദിപ്പിച്ച 58258 മീറ്റർ കൈത്തറി തുണിയാണ് 13076 വിദ്യാർത്ഥികൾക്ക് യൂണിഫോമിനായി നൽകിയിട്ടുളളത്. ചങ്ങനാശ്ശേരി, കറുകച്ചാൽ, കോട്ടയം വെസ്റ്റ്, പാമ്പാടി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ, കൊഴുവനാൽ, പാല, കോട്ടയം ഈസ്റ്റ്, കുറവിലങ്ങാട്, രാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ യഥാക്രമം 1436, 650, 1210, 870, 841, 752, 1474, 849, 795,667, 1169, 1494, 511 ഉം വിദ്യാർത്ഥികൾക്കാണ് യൂണിഫോമം നൽകിയിട്ടുളളത്.