കയർ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ സജ്ജമായി. സംസ്ഥാനത്താകെ 500 സ്‌റ്റോറുകളാണ് ഒരുക്കുക.

ആലപ്പുഴ ജില്ലയിൽ രണ്ട് സ്റ്റോറുകളും കാസർഗോഡ് ജില്ലയിൽ ഒരു സ്റ്റോറും പ്രവർത്തനമാരംഭിക്കുകയാണ്. ആലപ്പുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലും, മാരാരിക്കുളത്തും കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനടുത്തുള്ള കാലിക്കടവിലുമാണ് വില്പന കേന്ദ്രങ്ങൾ. ഇതിന്റെ ഉദ്ഘാടനം 25 ന് വൈകിട്ട് 3.30 ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ ഓൺലൈനായി നിർവഹിക്കും. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും.

കയർ ഉത്പന്നങ്ങൾക്കും കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കൾക്കും ബാംബു കോർപ്പറേഷൻ, കേരഫെഡ്, മിൽമ, കാപ്പക്സ് എന്നിവയുടെ ഉത്പന്നങ്ങൾക്കും മികച്ച വിപണി ഒരുക്കുകയെന്നതാണ് കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ പ്രധാന ലക്ഷ്യം. സ്റ്റോറുകൾ ആരംഭിക്കുന്നതിന് ലഘുവായ്പ പദ്ധതിയായി കുടുംബശ്രീ സി.ഡിഎസ്സുകൾ മുഖേന അഞ്ച് ലക്ഷം രൂപ അനുവദിക്കുന്നു. വായ്പ പദ്ധതി ക്രമമായി തിരിച്ചടവ് പൂർത്തിയാക്കുന്നവർക്ക് 1.5 ലക്ഷം രൂപയുടെ സബ്സിഡിയും ലഭിക്കും.

നിലവിൽ അതത് തദ്ദേശസ്ഥാപനങ്ങൾ നൽകിയ ഇടങ്ങളിൽ മികച്ച ഇന്റീരിയർ ഒരുക്കിയാണ് സ്റ്റോറുകൾ തയാറാക്കിയത്. സ്റ്റോറുകളിലേക്ക് ആവശ്യമുള്ള കയർ ഉത്പന്നങ്ങൾ കയർ കോർപ്പറേഷനാണ് നൽകുന്നത്. കരകൗശല ഉത്പന്നങ്ങൾ ജില്ലകളിലുള്ള വിവിധ സംരംഭകരിൽ നിന്നാണ് ശേഖരിച്ചത്. മറ്റ് ജില്ലകളിൽ ആദ്യഘട്ടത്തിൽ 45 സ്റ്റോറുകൾ ആരംഭിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്റ്റോറുകൾ ആരംഭിക്കാൻ താത്പര്യമുള്ളവർ അതാത് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടണം. കയർ ഉത്പന്നങ്ങൾക്കും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്കും ഈ സ്റ്റോറുകളിലൂടെ മികച്ച വിപണി ഒരുക്കുക മാത്രമല്ല സംരംഭ മാതൃകയിൽ പ്രവർത്തിക്കുന്ന ഈ സ്റ്റോറുകൾ വഴി മികച്ച വരുമാനവും നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.