Kerala’s Top 50 Policies and Projects-34

വന സംരക്ഷണത്തിലും മൃഗപരിപാലനത്തിലും മികച്ച നയങ്ങളാണ് കഴിഞ്ഞ നാലര വർഷക്കാലത്തിനിടെ കേരള സർക്കാരിന്റെ നേതൃത്വത്തിൽ വനം വകുപ്പ് നടത്തിയത്. ഇതിലെ രണ്ട് സുപ്രധാനമായ നയങ്ങളെ ഇന്നത്തെ ലേഖനത്തിൽ പരിചയപ്പെടുത്താം.

വനമേഖലയുമായി ബന്ധപ്പെട്ട ഒരു പൊതുവായ പ്രശ്‌നം മനുഷ്യ വന്യജീവി സംഘർഷമാണ്. ഇത് ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചത്. 65 ജനവാസ മേഖലകളിൽ എസ്.എം.എസ് അലർട്ടിലൂടെ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി. പുതുതായി അഞ്ച് കൺട്രോൾ റൂമുകൾ ആരംഭിച്ചു. ജനപങ്കാളിത്തം ഉറപ്പാക്കി വിവിധ മേഖലകളിൽ 204 ജനജാഗ്രത സമിതികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഇത്തരം നടപടികളിലൂടെ പ്രാദേശികതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പിനായി. 248.2 കിലോമീറ്റർ സോളാർ പവർ ഫെൻസിംഗും 0.741 കിലോമീറ്റർ ആനപ്രതിരോധ മതിലും 16 കിലോമീറ്റർ റയിൽവേ ഫെൻസിംഗും 48 കിലോമീറ്റർ ക്രാഷ്ഗാഡ് സ്റ്റീൽ ഫെൻസിംഗിന്റെയുമൊക്കെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൂടുതൽ സംഘർഷ സാധ്യതയുള്ള വനമേഖലകളിലെ 438 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും നടപടിയെടുത്തു. ഇത് കൂടാതെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ചെലവ് കുറഞ്ഞതും കൂടുതൽ ഫലപ്രദവുമായ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് സംവിധാനം രാജ്യത്ത് ആദ്യമായി കേരളത്തിൽ മാങ്കുളത്ത് നടപ്പാക്കാനും വനം വകുപ്പിന് സാധിച്ചു.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് പുറമെ വന്യജീവി ആക്രമണം നേരിട്ടാലുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കാനും വകുപ്പ് മുൻകൈയെടുത്തു. വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തി. വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് മുൻപ് ഒരുലക്ഷം രൂപയായിരുന്ന നഷ്ടപരിഹാര ത്തുക രണ്ട് ലക്ഷമാക്കി. വന്യജീവി ആക്രമണത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് ധനസഹായം 75,000 രൂപയിൽനിന്ന് രണ്ട് ലക്ഷവും പരിക്ക് സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 75,000 രൂപയിൽ നിന്ന് ഒരു ലക്ഷമായും വർദ്ധിപ്പിച്ചു. നഷ്ടപരിഹാരം വേഗത്തിൽ നൽകാനായി ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തി.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതും ഏറ്റവും ആവശ്യമുള്ളതുമായ നയങ്ങൾ സ്വീകരിക്കുന്നത് കൂടാതെ നമ്മുടെ വനസമ്പത്ത് വർദ്ധിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാനും വനം വകുപ്പ് സമഗ്ര പദ്ധതികളാണ് നടപ്പാക്കിയത്. പുതിയ 319.50401 ഹെക്ടർ വന ഭൂമി നിർദ്ദിഷ്ട
റിസർവ് വനമായി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം സംരക്ഷിത വനവും വടക്കേകോട്ട മലവാരം നിക്ഷിപ്ത വനവുമടങ്ങുന്ന നീലഗിരി ബയോസ്ഫിയറിലെ 227.97 കിലോമീറ്റർ വനഭൂമി കരിമ്പുഴ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാനും വകുപ്പ് മുൻകൈയെടുത്തു. വനത്തിനുള്ളിൽ താമസിക്കുന്നവരെ വനത്തിന് പുറത്ത് പുനരധിവസിപ്പിക്കാനും വനത്തിനുള്ളിലെ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുത്ത് വനമാക്കി മാറ്റുന്നതിനും കണ്ടൽ വനങ്ങൾ സംരക്ഷിക്കുന്നതിനുമായി 800 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് റീബിൽഡ് കേരളയിൽ അംഗീകാരം വാങ്ങി. ഇതിൽ ആദ്യഗഡുവായി അനുവദിച്ച 130.406 കോടി രൂപയുടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

ഇത്തരത്തിലെ പദ്ധതികളിലൂടെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനും ഒപ്പം വന സംരക്ഷണത്തിലൂടെ ജലസംരക്ഷണവും വനാശ്രിത സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താനും സമഗ്രനയങ്ങളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.

#keralastop50policiesandprojects
#KeralaLeads