മത്സ്യത്തൊഴിലാളികള്‍ക്കായി കഴിഞ്ഞ വര്‍ഷം മത്സ്യഫെഡ് ജില്ലയില്‍ നടപ്പാക്കിയത് 4.62 കോടി രൂപയുടെ വായ്പാ പദ്ധതികള്‍. ദേശീയ പിന്നോക്ക വികസന കോര്‍പ്പറേഷന്റെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെയും സഹകരണത്തോടെയുള്ള പദ്ധതികള്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് നടപ്പാക്കിയത്. മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന 23 സംഘങ്ങളിലെ അംഗങ്ങളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കാണ് വായ്പ നല്‍കിയിട്ടുളളത്. മൈക്രോഫിനാന്‍സ് പദ്ധതിയിലാണ് ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയിട്ടുളളത്. ദേശീയ പിന്നോക്ക വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയുളള പദ്ധതിയില്‍ 2.19 കോടിരൂപ 1120 പേര്‍ക്കായി വായ്പ നല്‍കി. ഒന്‍പതു സംഘങ്ങള്‍ വഴി നടപ്പാക്കിയ പദ്ധതിയില്‍ ആറുശതമാനം പലിശയ്ക്കാണ് തുക നല്‍കിയത്. മത്സ്യ വിപണനം നടത്തുന്നതിന് 23 സംഘങ്ങളിലുള്ള 1106 വനിതകള്‍ക്ക് പലിശയില്ലാതെ രണ്ട് കോടി അഞ്ച് ലക്ഷം രൂപ നല്‍കി. കായലുകളിലും നദികളിലും മത്സ്യബന്ധനം നടത്തുന്നതിനുള്ള വള്ളം വല മുതലായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് നാല് സംഘങ്ങളിലുള്ള 75 പുരുഷന്മാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായത്തടെയുള്ള മറ്റൊരു സംയോജിത മത്സ്യ വികസന പദ്ധതിയില്‍ രണ്ട് സംഘങ്ങള്‍ക്ക് 12 ലക്ഷം രൂപ മത്സ്യലേലത്തിനും മാര്‍ക്കറ്റിംഗിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നല്‍കി. മത്സ്യ-മത്സ്യേതര മേഖലകളുമായി ബന്ധപ്പെട്ട ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഏഴു പേര്‍ക്ക് അഞ്ചര ലക്ഷം രൂപ ജാമ്യ വ്യവസ്ഥയില്‍ നല്‍കി. മത്സ്യം വളര്‍ത്തല്‍, കക്കാ സംഭരണം, തയ്യല്‍ തുടങ്ങിയ തൊഴിലുകളുമായി ബന്ധപ്പെട്ടുള്ള സംരംഭങ്ങള്‍ വിജയകരമായി നടന്നു വരുകയാണ്. മത്സ്യഫെഡിന്റെ സഹായത്തോടെ അലങ്കാര മത്സ്യക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വിപണനസൗകര്യത്തിനായി എല്ലാ ആഴ്ചയിലും ഫ്രൈഡെ മാര്‍ക്കറ്റും വൈക്കത്ത് നടത്തുന്നുണ്ട്.