ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു

ഇടുക്കി:   ഊർജ ഉത്പാദനത്തിനൊപ്പം ഊർജ സംരക്ഷണത്തിനും വൈദ്യുത വകുപ്പ് പ്രാധാന്യം നൽകുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചിലവാകുന്ന തുകയുടെ ഒരു ശതമാനം ചിലവാക്കിയാൽ അത്രയും വൈദ്യുതി സംരക്ഷിക്കാനാകും. അതിനാൽ വൈദ്യുതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് കെ എസ് ഇ ബി എൽ ഇ ഡി ബൾബ് വിതരണം ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, അതിഥി മന്ദിരം (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം ഏര്‍ലി വാണിംങ് ഓഫ് സ്റ്റക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ആന്റ് ഇന്റര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസ് (രശ്മി ഫോര്‍ ഡാംസ്) എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരത്തിൽ എത്തിയശേഷം സമ്പൂർണ വൈദ്യുതികരണം നടപ്പാക്കിയതിനൊപ്പം, പവർ കട്ട് ലോഡ് ഷഡ്ഡിംഗ് എന്നിവ ഒഴിവാക്കാനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ രണ്ടാം ജലവൈദ്യുത നിലയത്തിനുള്ള സാധ്യതകൾ തേടുന്നുണ്ട്. കേന്ദ്ര ഏജൻസിയുടെ പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജല- താപ വൈദ്യുതി ഉത്പാദന ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിനും കെ എസ് ഇ ബി പ്രാധാന്യം നൽകുന്നുണ്ട്. ആയിരം മെഗാവാട്ടിന്റെ സൗരോർജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വക്കുന്നത്. സൗരോർജ രംഗത്ത് കേന്ദ്രികരിക്കാൻ ലക്ഷ്യം വച്ചുള്ള കർമ്മ പദ്ധതികളും കെ എസ് ഇ ബി നടപ്പാക്കുന്നുണ്ട്. ഗുണമേൻമയുള്ള വൈദ്യുതി തടസങ്ങളില്ലാതെ ഉപഭോക്താവിൽ എത്തിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വൈദ്യുത ബോർഡ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി വിജയൻ, കെ.എസ്ഇബി ഡയറക്ടർ ബിബിൻ ജോസഫ്, ഡാം സേഫ്റ്റി ചീഫ് എഞ്ചിനിയർ സുപ്രീയ എസ്, കെ എസ് ഇ ബി ജനറേഷൻ ആന്റ് ഇലക്ട്രിക്കൽ ഡയറക്ടർ ആർ സുകു തുടങ്ങിയവര്‍ സംസാരിച്ചു.

രശ്മി ഫോര്‍ ഡാംസ്

ഇടുക്കി അണക്കെട്ടിന്റെ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങള്‍ തല്‍സമയം നിരീക്ഷണം നടത്തി നിരീക്ഷ ഫലങ്ങള്‍ കൃത്യമായി ഓരോ മണിക്കൂറിലും കണ്‍ട്രോള്‍ റൂമിലും പള്ളം ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാക്കുന്ന സംവിധാനമാണ് രശ്മി ഫോര്‍ ഡാംസ്. ഇതില്‍പ്പെടുത്തി ഡാമിന്റെ ഗാലറിയ്ക്കുളളില്‍ സ്ഥാപിച്ചിരിക്കുന്ന ജോയിന്റ് മീറ്റര്‍, ക്രാക്ക് മീറ്റര്‍, സെട്രയിന്‍ മീറ്റര്‍, ടില്‍റ്റ് മീറ്റര്‍, പിസോ മീറ്റര്‍ മുതലായവയില്‍ നിന്നുമുള്ള യഥാസമയം റീഡുങ്ങുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാകും. കൂടാതെ ചെറുതോണി ഡാമിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ വാട്ടര്‍ ലെവല്‍ മുഖേന ഓരോ മണിക്കൂറിലും റിസര്‍വോയറിലെ ജലനിരപ്പ് കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും.

ഡാമിന്റെ ഡൗണ്‍ട്രീമില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ ഡൗണ്‍സ്ട്രീം ഫെയിസില്‍ സ്ഥാപിച്ചിരിക്കുന്ന 26 ടാര്‍ഗെറ്റിന്റെ ഓരോ മണിക്കൂറിലുമുള്ള വ്യതിയാനം കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. കൂടാതെ ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപം സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ വഴി ഇടുക്കി ക്യാച്ച്മെന്ററിലെ മഴയുടെ അളവ് കാറ്റിന്റെ ഗതി, താപനില മുതലായവ അപ്പോഴപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കും. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി അണക്കെട്ടിന്റെഅടി നിരപ്പ് മുതല്‍ ജലസംഭരണിയുടെ പലവിതാനത്തിലെ താപനിലയും അറിയാം. ഇതെല്ലാം ക്രോഡീകരിച്ച് അത്യാധുനിക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ അപ്പോഴപ്പോഴുളള സ്വാഭാവിക വ്യതിയാനങ്ങള്‍ പഠിക്കുന്നതിന് കഴിയും. അസ്വാഭാവിക വ്യതിയാനം ഉണ്ടാകുകയാണെങ്കില്‍ അത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

കൊലുമ്പൻ ഹൗസ്

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഇൻസ്പെഷനുമായി ബന്ധപ്പെട്ടും മറ്റ് ഔദ്യോഗിക ആവിശ്യങ്ങൾക്കായും എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി രണ്ട് വി.ഐ.പി സ്യൂട്ട് മുറികളും ഉൾപ്പെടെ ഒൻപത് മുറികളും കോൺഫറൻസ് ഹാളും ഉള്ള അതിഥി മന്ദിരമാണ് നിർമ്മിച്ചിട്ടുള്ളത്. ഇടുക്കി പദ്ധതിയുടെ മാർഗ്ഗദർശ്ശിയായ കൊലുമ്പന്റെ ഓർമ്മയ്ക്കായി അതിഥി മന്ദിരത്തിന് ‘കൊലുമ്പൻ ഹൗസ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രണ്ട് നിലകളിലായി 718 ചതുരശ്രമീറ്ററിൽ നിർമ്മിച്ചിട്ടുള്ള അതിഥി മന്ദിരത്തിനും 567 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിൽ പണിതീർത്ത ഓഫീസ് മന്ദിരത്തിനും കൂടി 3.54 കോടി രൂപയാണ് ചെലവ്.