ഇടുക്കി:  രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിച്ചു ഭരണഘടനയോടുള്ള ആദരവ് ഏവരും പ്രകടിപ്പിക്കണമെന്ന് മന്ത്രി എം എം മണി. ഇടുക്കി ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തില്‍ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിനായി ഏവരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും രാജ്യം കരകയറുന്ന സമയം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.40ന് ആരംഭിച്ചു. മുഖ്യാതിഥിയായ മന്ത്രിയെ പൂക്കൾ നൽകി ജില്ലാ കളക്ടർ എച്ച് ദിനേശനും ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമിയും സ്വീകരിച്ചു. ഒമ്പതിന് മന്ത്രി എംഎം മണി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ലളിതമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. പരേഡ് കമന്റാർ കെവി ഡെന്നിയുടെ നേതൃത്വത്തിൽ മൂന്ന് പ്ലേറ്റുണുകളും ഒരു പോലീസ് ബാന്റുമാണ് പരേഡിൽ അണിനിരന്നത് . ആർഎസ്ഐ സുനിൽ പിഎം നയിച്ച ജില്ലാ ഹെഡ് കോർട്ടേഴ്സ് ടീം, ഡബ്ല്യൂഎസ്ഐ പുഷ്പ നയിച്ച ലോക്കൽ പോലീസ് വുമൺ, എക്സ്സൈസ് ഇൻസ്‌പെക്ടർ കെബി ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് ടീം എന്നിവരും എസ്ഐ മരായ സുനിൽ വി, മത്തായി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ബാന്റ് പരേഡിന് താളലയമൊരുക്കി.

ചടങ്ങിൽ മാതൃകപരമായ സേവനങ്ങൾക്ക് ഗുഡ് സർവീസ് സർട്ടിഫിക്കേറ്റും മെമെന്റോയും കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്‌സൺ ജോർജിനു മന്ത്രി കൈമാറി.റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെജി സത്യൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ഉദ്യോഗസ്ഥ പ്രധിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.