മലപ്പുറം:  സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനായി. ഇതോടനുബന്ധിച്ച് ഹരിത ഓഫീസുകളുടെ ജില്ലാതല പ്രഖ്യാപനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ഒ.എന്‍.വി കോണ്‍ഫറന്‍സ് ഹാളില്‍  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.
എന്റെ വീട് എന്റെ പരിസരം എന്നു മാത്രം കരുതരുതെന്നും പ്ലാസ്റ്റിക് നിര്‍മാര്‍ജനം തൊട്ട് ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും നാം പ്രകൃതിയോട് ചേര്‍ന്ന് പ്രകൃതിയെ സംരക്ഷിച്ച് ശുദ്ധ വായു ശ്വസിച്ച് ശുദ്ധജലം കുടിച്ച് രോഗത്തെ പ്രതിരോധിച്ച് നമുക്ക് സ്വയം ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രഖ്യാപനമാണിതെന്ന് ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു. ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കി സര്‍ക്കാര്‍ മാതൃക കാണിച്ചു തരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍  ഒഴിഞ്ഞ സ്ഥലങ്ങള്‍  കണ്ടെത്തി അവിടെ പച്ചത്തുരുത്തുകള്‍ നിര്‍മിക്കണം. റോഡ്, കെട്ടിടം തുടങ്ങിയവ മാത്രമല്ല വികസനമെന്നും മനുഷ്യന്റെ മനസിലേക്ക് കുതിച്ചുയരുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഭരണ സമിതികള്‍ക്ക് കഴിയണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഹരിത പദവിയില്‍ എഗ്രേഡ് ലഭിച്ച പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനും മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, ആലങ്കോട്, വെളിയങ്കോട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്പീക്കര്‍ നിര്‍വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധുവും വിതരണം ചെയ്തു.

ജില്ലയില്‍ 1251 സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 943 ഓഫീസുകള്‍ക്കാണ് പദവി ലഭിച്ചത്. 90 മാര്‍ക്കിന് മുകളില്‍ ലഭിച്ച 203 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എ ഗ്രേഡും 8089 മാര്‍ക്ക് നേടിയ 350 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബി ഗ്രേഡും 7079 മാര്‍ക്ക് നേടിയ 390 ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു.

ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിത ഓഫീസ് പരിശോധനകള്‍ ജില്ലയില്‍ ആരംഭിച്ചത്. ജില്ലാതല കാര്യാലയങ്ങളും താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിശോധിക്കാന്‍ 21 ജില്ലാതല സമിതികളാണ് രൂപീകരിച്ചത്. തദ്ദേശ സ്ഥാപന പരിധിയിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചത് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സമിതിയാണ്. 70 ല്‍ താഴെ മാര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 15 ദിവസം നല്‍കിയ ശേഷം പുന:പരിശോധന നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  സമീറ ഇളയേടത്ത്,  പുരുഷോത്തമന്‍, ബിനീഷ മുസ്തഫ, ഷംസു കല്ലാട്ടേല്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.സുബൈര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എച്ച് റംഷീന, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി.രാംദാസ് മാസ്റ്റര്‍, താജുന്നീസ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.പി ഉഷാദേവി, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.