എറണാകുളം: സംസ്ഥാനത്ത് 10000 ഓഫീസുകളും , ജില്ലയിലെ 1090 സർക്കാർ ഓഫീസുകളും ഹരിത ചട്ടം കൈവരിച്ചപ്പോൾ ശ്രദ്ധേയമായത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ( ഡിഡിപി ) കാര്യാലയമാണ് . ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട് നൂറിൽ നൂറു മാർക്കോടെ പൂർണ്ണമായും ഹരിത ഓഫീസായി രൂപാന്തരപ്പെട്ടിരിക്കുകയാണ് ഈ കാര്യാലയം. സാധാരണ സർക്കാർ ഓഫീസുകളിൽ കണ്ടുവരുന്നതുപോലെ പൊടിപിടിച്ച ഫയലുകളും മാറാല കൊണ്ടുമൂടിയ ഇരുണ്ട മുറികളും ഇവിടെയില്ല . കയറിവരുമ്പോൾ തന്നെ ചെടികളും പച്ചക്കറികളും നിറഞ്ഞ ഉദ്യാനം സന്ദർശകർക്ക് വേറിട്ട അനുഭവം നൽകുന്നു . ഹരിത ചട്ടങ്ങൾ പാലിക്കുന്നതിനായി

നിർദ്ദേശങ്ങളടങ്ങിയ ബോർഡും ഓഫീസിനു മുമ്പിലായി സ്ഥാപിച്ചിട്ടുണ്ട് . പരമ്പരാഗതമായി കണ്ട് വന്നിട്ടുള്ള സർക്കാർ ഓഫീസുകളെ പോലെയല്ല ഡിഡിപി കാര്യാലയത്തിന്റെ അക കാഴ്ചകൾ . ഓരോ ഉദ്യോഗസ്ഥരുടെയും മേശപ്പുറത്ത് അവർ തന്നെ പരിപാലിക്കേണ്ട ചെടികളുണ്ട് . ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിന് മുൻപായി സ്വന്തം ഇരിപ്പിടം വ്യത്തിയാക്കേണ്ട ഉത്തരവാദിത്വം അവരുടേതു തന്നെ . ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്ക്കരിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട് . ജൈവമാലിന്യങ്ങൾ ബയോബോട്ടിൽ നിക്ഷേപിച്ച് വളമാക്കുകയും , ഈ വളം ഗ്രോബാഗുകളിൽ വളർത്തുന്ന പച്ചക്കറികൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു .

അജൈവ മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ എംസിഎഫിലേക്ക് കൈമാറുന്നു . ഉപയോഗയോഗ്യമല്ലാത്ത ഫർണിച്ചറുകളും മറ്റും ആർക്കും ശല്യമാവാത്ത വിധം അടുക്കി വച്ചിരിക്കുന്നു . ഓരോ ഉദ്യോഗസ്ഥരും ക്യത്യമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നവരാണ് . എല്ലാവരും തന്നെ ഭക്ഷണപാനീയങ്ങൾ കൊണ്ടുവരുന്നത് സ്റ്റീൽ പാത്രങ്ങളിലാണ് . അത്തരത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് ഈ ഓഫീസിൽ നടക്കുന്നത് . പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം 2017 മുതൽക്കു തന്നെ ഈ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് , ISO സർട്ടിഫിക്കേഷന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെങ്കിലും ഇപ്പോൾ ഇത് ഇവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു .