കൊല്ലം:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 18 ഓഫീസുകള്‍ ഹരിത ഓഫീസുകള്‍ ആയി പ്രഖ്യാപിച്ചു. വിദഗ്ധ സമിതി 55 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെയും മറ്റ് നിലവാര സൂചികകളുടെയും അടിസ്ഥാനത്തില്‍ ഏഴ് ഓഫീസുകള്‍ക്ക് എ ഗ്രേഡും നാല് ഓഫീസുകള്‍ക്ക് ബി ഗ്രേഡും ഏഴ് ഓഫീസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു.
91 ശതമാനം മാര്‍ക്ക് വാങ്ങിയ സ്ഥാപങ്ങള്‍ക്ക് എ ഗ്രേഡും, 90 മുതല്‍ 89 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് ബി ഗ്രേഡും, 89 ശതമാനം താഴെ മാര്‍ക്ക് ലഭിച്ചവര്‍ക്ക് സി ഗ്രേഡുമാണ് ലഭിക്കുക.

കൊല്ലം ജില്ലാ ആശുപത്രി, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ്, തൃക്കടവൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, ജില്ലാ ആയുര്‍വേദ ആശുപത്രി, പാലത്തറ പ്രാഥമിക ആരോഗ്യകേന്ദ്രം, കൊല്ലം വിജിലന്‍സ് ഓഫീസ്, ജില്ലാ ജയില്‍ എന്നിവയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ എ ഗ്രേഡിന് അര്‍ഹമായ സ്ഥാപനങ്ങള്‍.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ഹരിത ഓഫീസ് പ്രഖ്യാപന ചടങ്ങ് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഘട്ടംഘട്ടമായി കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സ്ഥാപങ്ങളിലും ഹരിതചട്ട പരിപാലനം ഉറപ്പ് വരുത്തി എ ഗ്രേഡിലേക്ക് എത്തിക്കുന്നതിലേക്കുള്ള പ്രവര്‍ത്തനം നഗരസഭ ഊര്‍ജിതമാക്കിയതായി മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ പരിധിയിലെ പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയതില്‍ ലഭിച്ച തുകയുടെ ചെക്ക് മേയര്‍ ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ക്ക് കൈമാറി.

നോഡല്‍ ഓഫീസര്‍ ജി എസ് സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാതല ഹരിത അവാര്‍ഡ് ലഭിച്ച നഗരസഭയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് മേയറില്‍ നിന്നും സെക്രട്ടറി ഏറ്റുവാങ്ങി. ഹരിത അവാര്‍ഡുകള്‍ ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മേയര്‍ സ്ഥാപനങ്ങളുടെ വകുപ്പ്തല മേധാവികള്‍ക്ക് കൈമാറി.