പ്രളയങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉയരും. കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 14 ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങൾ  നിർമ്മിക്കുന്നത്. ആദ്യ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം  തൃശൂർ പഴയന്നൂരിൽ തുടങ്ങി. കണ്ണൂർ, പാലക്കാട്, കൊല്ലം ജില്ലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പ്ലാനിനും എസ്റ്റിമേറ്റിനും അംഗീകാരം നൽകി. മറ്റു ജില്ലകളിലും ഭൂമി കണ്ടെത്തലടക്കമുള്ള നടപടികൾ തുടരുകയാണ്. ജില്ലാ കളക്ടർമാരാണ് ഫ്‌ളാറ്റ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

ഓരോ  സമുച്ചയത്തിലും 30 മുതൽ 40 ഫ്‌ളാറ്റുകൾ വരെയുണ്ടാകും. രണ്ടും മൂന്നും നിലകളുള്ള സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. ഓരോ ഫ്‌ളാറ്റിനും 450 മുതൽ  500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുണ്ടാകും. ഓരോ കോംപ്ലക്‌സിലെയും സാഹചര്യങ്ങൾക്കനുസരിച്ച് പൊതുവായ മാലിന്യ സംസ്‌കരണ സൗകര്യം, കുട്ടികളുടെ കളിസ്ഥലം, പാർക്കിംഗ് സ്ഥലം എന്നിവയും ഒരുക്കും. അംഗനവാടി, മീറ്റിംഗ് ഹാൾ, വായനശാല അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകും. കെയർ ഹോം പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രളയത്തിൽ വീട് നഷ്ടമായ 2000ത്തിലധികം കുടുംബങ്ങൾക്കാണ് സഹകരണ വകുപ്പ് വീടുകൾ നിർമ്മിച്ച് നൽകിയത്.