ആലപ്പുഴ : തോട്ടപ്പള്ളി ഹാർബർ മുതൽ ഒരു കിലോമീറ്റർ പുതിയ ഫ്രഞ്ച് സാങ്കേതിക വിദ്യയായ ജിയോ ട്യൂബ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ തീര സംരക്ഷണം സാധ്യമാക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍- കശുവണ്ടിവ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പദ്ധതി വിജയമായാൽ പാറയുടെ ഉപയോഗമില്ലാതെ തീര സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും. മത്സ്യഫെഡ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ ശിലാസ്ഥാപനം വളഞ്ഞ വഴി ഫിഷറീസ് കോംപ്ലക്‌സില്‍ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കടൽക്ഷോഭം ഉണ്ടാകുന്ന തീരപ്രദേശത്തെ ആളുകളെ പുനരധിവാസിപ്പിക്കുവാനായി ആരംഭിച്ച പുനർഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തോട്ടപ്പള്ളിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ രണ്ടാം ഘട്ടത്തിൽ 164 വീടുകൾ നിർമ്മിക്കും. കേരളത്തിലുടനീളം ഫ്ലാറ്റ് നിർമാണം ഉറപ്പാകുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഗുണനിലവാരമുള്ള മത്സ്യം ഉറപ്പാക്കുക, തൊഴിലാളികൾ പിടിച്ചു കൊണ്ടു വരുന്ന മത്സ്യത്തിനു വിലയിടാനുള്ള അവകാശം തൊഴിലാളികൾക്ക് തന്നെ സർക്കാർ നേടി കൊടുത്തു. ഇതിലൂടെ മത്സ്യതൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെട്ടു. മത്സ്യമേഖലയിൽ അടിസ്ഥാനമായ മാറ്റങ്ങൾ വരുത്താൻ ഈ കാലയളവുകൊണ്ട് സർക്കാരിന് സാധിച്ചു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി. ജി.സുധാകരന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തീരപ്രദേശങ്ങൾ വികസിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ ഇതിനു ഉദാഹരണമാണെന്ന് മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ആലപ്പുഴ ജില്ലാ ഓഫീസ്, അമ്പലപ്പുഴ വ്യാസാ സ്റ്റോര്‍, ക്ലസ്റ്റര്‍ ഓഫീസ്, ഒ.ബി.എം വര്‍ക്ക്‌ഷോപ്പ് എന്നീ യൂണിറ്റുകള്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ ഓഫീസുകള്‍ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് മത്സ്യഫെഡിന് കൈമാറിയിരിക്കുന്ന അമ്പലപ്പുഴ താലൂക്കിലെ വളഞ്ഞ വഴിയിലുളള 50 സെന്റ് സ്ഥലത്ത് ഈ യൂണിറ്റുകളെല്ലാം ഒരു സമുച്ചയമായി നിര്‍മ്മിക്കുന്നത്. 98,13,000/- രൂപ അടങ്കല്‍ തുകയുളള 6250 ചതുരശ്ര അടി കെട്ടിടമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

വിഷരഹിതമായ മത്സ്യം എത്തിക്കുന്നതിന് വേണ്ടി സംഭരണ ശാലകള്‍ കൂടുതലായി വേണ്ടി വരുന്നതിന്റെ ഭാഗമായിട്ടാണ് മത്സ്യസംഭരണശാലയും ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിലേയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി 1723 ചതുരശ്ര അടിയില്‍ 35,42,618/- രൂപ അടങ്കല്‍ തുകയില്‍ നിര്‍മ്മിക്കുന്ന മത്സ്യസംഭരണശാലയുടെ നിര്‍മ്മാണവും ഇതിനോടൊപ്പം നടത്തുന്നു.

മാനേജിങ് ഡയറക്ടര്‍ ഡോ.ലോറന്‍സ് ഹാരോള്‍ഡ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. എ.എം.ആരിഫ് എം പി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരജ്ഞന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ജില്ല പഞ്ചായത്ത് അംഗം അഞ്ജു പി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പ്രദീപ്.പി. സജിത്, ഗ്രാമപഞ്ചായത്തംഗം സുമിത, മത്സ്യ ഫെഡ് ഭരണസമിതയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.