Kerala’s Top 50 Policies and Projects-36

കഴിഞ്ഞ നാല് വർഷത്തിനിടയിൽ മുൻപരിചിതമല്ലാത്ത വിവിധ ദുരന്തങ്ങളെയാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഓരോ ദുരന്ത മുഖത്തും കേരളത്തിന്റെ കൂട്ടായ്മയാണ് അതിജീവനം സാധ്യമാക്കിയത്. ഒത്തൊരുമയോടെ കർമ്മനിരതരായ മലയാളികളുടെ നിർലോഭമായ പ്രവർത്തനങ്ങളാണ് കേരളത്തെ നൂറ്റാണ്ടിലെ മഹാപ്രളത്തിൽ നിന്നും കൈപിടിച്ച് ഉയർത്തിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സന്നദ്ധ പ്രവർത്തകർ നടത്തിയ സേവനവും പ്രശംസനീയമാണ്. ഇത്തരത്തിൽ ദുരന്തങ്ങളെ നേരിടാനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാനുമാണ് സർക്കാർ സാമൂഹ്യ സന്നദ്ധ സേന രൂപീകരിച്ചത്. നമ്മുടെ യുവതയുടെ സേവനം നാടിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സർക്കാർ പുതിയ നയങ്ങൾ രൂപീകരിച്ചത്.

മഹപ്രളയവും നിപ്പയും നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് കോവിഡിനെ നേരിട്ടപ്പോൾ സർക്കാർ തലത്തിൽ ആദ്യം ആലോചിച്ച കാര്യം സാമൂഹിക സന്നദ്ധ സേനയുടെ രൂപീകരണമായിരുന്നു. സന്നദ്ധ സേന പോർട്ടലിലൂടെ താല്പര്യമുള്ള വാളന്റിയർമാരെ ഏകോപിപ്പിച്ച് ആവശ്യമുള്ള സേവനങ്ങൾക്ക് നിയോഗിക്കുക എന്ന പുതിയ ആശയം ആവിഷ്‌കരിച്ച് നടപ്പാക്കി. തദ്ദേശ സ്വയംഭരണസ്ഥാനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും സന്നദ്ധ സേനക്കായി.

കമ്മ്യൂണിറ്റി കിച്ചനുകളുടെ നടത്തിപ്പിനും അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാനും സന്നദ്ധ സേനാംഗങ്ങൾ മുന്നിട്ടിറങ്ങി. കോൾസെന്റർ വിജയകരമായി പ്രവർത്തിപ്പിച്ചു. ഇതുകൂടാതെ
അവശ്യ ഘട്ടത്തിൽ രക്തദാനത്തിനും സേനംംഗങ്ങൾ സന്നദ്ധരായി. 3,67,603 പേരാണ് സാമൂഹ്യ സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തത്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പ് മുതൽ മഴക്കാല പൂർവ ശുചീകരണം വരെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി നാടിനായി സേവന സന്നദ്ധരാവാൻ സേനാംഗങ്ങൾ തയ്യാറായി.

2,81,335 പുരുഷൻമാരും 86,210 സ്ത്രീകളും 58 ട്രാൻസ്ജന്റർമാരും അടങ്ങുന്നതാണ് സന്നദ്ധ സേന. കേരളത്തിന്റെ അതിജീവനത്തിന് വലിയ കരുത്തു പകരുന്ന സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡയറക്ടറേറ്റും സർക്കാർ തലത്തിൽ രൂപീകരിച്ചു.

സാമൂഹിക സന്നദ്ധ സേനയുടെ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ യുവജനങ്ങളെ ഏകോപിപ്പിച്ചതിനു ശേഷം അടുത്ത പടിയായി 16-40 പ്രായപരിധിയിലുള്ളവരെ മികവിലേക്ക് ഉയർത്താനായി കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി രൂപീകരിക്കുക എന്ന സുപ്രധാന തീരുമാനവും സർക്കാർ കൈക്കോണ്ടു. 2020 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച യൂത്ത് ലീഡർഷിപ്പ് അക്കാദമി ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നാഷണൽ ലോ യൂണിവേഴ്സിറ്റി, ഐ.ഐ.എസ്.ടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചുരുങ്ങിയ കാലയളവിൽ തന്നെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിക്ക് സഹകരണമുണ്ടാക്കാനായി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ അപ്പ് ഗ്രേഡ്, കോസിറ പോലെയുള്ള സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ട് യുവജനങ്ങൾക്ക് മികച്ച അറിവ് നേടാനുള്ള അവസരം അക്കാദമി ഒരുക്കി.

നമ്മുടെ പുതുതലമുറയ്ക്ക് വ്യക്തമായ ദിശാബോധം നൽകാനും ആഗോള തലത്തിലെ പ്രശസ്തമായ സ്ഥാപനങ്ങളെയും പ്രൊഫഷണലുകളെ പരിചയപ്പെടുത്താനും അക്കാദമി ലക്ഷ്യമിടുന്നു. ഇത്തരത്തിൽ യുവജനങ്ങളുടെ സാമൂഹിക വ്യക്തിഗത പുരോഗതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. തൊഴിൽ വൈദഗ്ധ്യമുള്ള യുവജനങ്ങളെ സൃഷടിക്കുക, നേതൃത്വപാടവം വളർത്തുക തുടങ്ങിയ വിശാല കാഴ്ചപാടും അക്കാദമിക്കുണ്ട്്. യുവജനങ്ങളിലെ സേവനസന്നദ്ധത പ്രയോജനപ്പെടുത്തി സാമൂഹിക സന്നദ്ധ സേനയെ ഏകോപിപ്പിച്ചും ഭാവിയിലെക്ക് കഴിവുറ്റ യുവജനങ്ങളെ വാർത്തെടുക്കാൻ യൂത്ത് ലീഡർഷിപ്പ അക്കാദമി വിഭവനം ചെയ്തും ഊർജ്ജസ്വലമായ യുവതയെ ഒരുക്കാനുള്ള നടപടികളാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.

#keralastop50policiesandprojects
#KeralaLeads