കൊല്ലം:   ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കയര്‍ ഭൂവസ്ത്ര സെമിനാര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.    വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു മേഖലയാണ് കയര്‍ മേഖല. മണ്ണിനെയും പ്രകൃതിയെയും ചൂഷണം ചെയ്യാതെ ഇവയെ സംരക്ഷിക്കാന്‍ കയര്‍ ഭൂവസ്ത്രങ്ങളിലൂടെ കഴിയുന്നുവെന്ന് എം എല്‍ എ  പറഞ്ഞു.വിദേശരാജ്യങ്ങളില്‍  കടലാക്രമണം  തടയാനും  റോഡ് പണികള്‍ക്കും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തും അത് ഉപയോഗിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കയര്‍ വികസന ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ വി ആര്‍ വിനോദ് പറഞ്ഞു.

കയറിന്റെയും കയറുല്‍പന്നങ്ങളുടെയും  അന്തര്‍ദേശീയ മേളയായ കയര്‍ കേരള 2021 കോവിഡ് 19 പശ്ചാത്തലത്തില്‍ ഇത്തവണ വെര്‍ച്ച്വല്‍ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍,  സെക്രട്ടറിമാര്‍, എം ജി എന്‍ ആര്‍ ഇ ജി എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിട്ടാണ്     സെമിനാര്‍ സംഘടിപ്പിച്ചത്.
125 കോടി രൂപയുടെ കയര്‍ഭൂവസ്ത്രം സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതാനിക്കും. കയര്‍ മേഖലയില്‍ കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണി വിപുലീകരിക്കുന്നതിനും തൊഴിലാളികള്‍ക്ക് വര്‍ധിച്ച തോതില്‍ തൊഴില്‍ ദിനങ്ങളും കൂലിയും ഉറപ്പാക്കുന്നതിനും ഭൂവസ്ത്ര പദ്ധതിയിലൂടെ സാധിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതോടെ ആസ്തി സംരക്ഷിക്കുന്ന പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനും മേഖലയില്‍  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും  സാധിക്കും. ശാസ്താംകോട്ട, ചിറ്റുമല ബ്ലോക്കുകള്‍ക്കായാണ്  സെമിനാര്‍ സംഘടിപ്പിച്ചത്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഹി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം വിതാനിച്ച ശൂരനാട് വടക്ക്, കുണ്ടറ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കയര്‍ ഭൂവസ്ത്രവിതാനം, തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര പദ്ധതിയും എന്ന വിഷയത്തില്‍ അരുണ്‍ ചന്ദ്രന്‍,  ആര്‍ അശ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍  എടുത്തു.
ജില്ലാ കയര്‍ പ്രോജക്ട് ഓഫീസര്‍ ബെനഡിക്ട് നിക്‌സണ്‍, കയര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ എസ്  പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ രാജീവ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ്  പ്രോഗ്രാം കോഡിനേറ്റര്‍ എ ലാസര്‍, ജില്ലാ കയര്‍ പ്രൊജക്റ്റ് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കെ എസ് വിനോദ്,  ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി  ഗീതാകുമാരി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,  ബി ഡി ഒ അനില്‍കുമാര്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.