തിരുവനന്തപുരം:  വിവിധ കാരണങ്ങളാല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്കായി ഡോര്‍ ടു ഡോര്‍ വാക്സിന്‍ വിതരണം ജില്ലയില്‍ തുടരുന്നു.  കോവിഡ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായിരുന്ന ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിലായിരുന്നതിനാല്‍ മകള്‍ രണ്ടുവയസുകാരി അനാഹത്തിന് ഇന്നലെയാണ്(01 ഫെബ്രുവരി) തുള്ളിമരുന്ന് നല്‍കിയത്. വോളണ്ടിയര്‍മാര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി വാക്സിന്‍ നല്‍കുകയായിരുന്നു.
പള്‍സ് പോളിയോ തുള്ളിമരുന്നിന്റെ പ്രാധാന്യം എല്ലാ മാതാപിതാക്കളും മനസിലാക്കി കഴിഞ്ഞ ദിവസം വാക്സിന്‍ നല്‍കാന്‍ കഴിയാതിരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉടന്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.  കാര്യക്ഷമമായി വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും കളക്ടര്‍ അഭിനന്ദിച്ചു.  ഇനിയും തുള്ളിമരുന്ന് സ്വീകരിക്കാനുള്ള കുട്ടികള്‍ക്കുള്ള പോളിയോ വാക്സിന്‍ വിതരണം ഇന്നു(02 ഫെബ്രുവരി) പൂര്‍ത്തിയാകും.  പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാര്‍ മുഖേന ഡോര്‍ ടു ഡോര്‍ വിതരണമാണ് നിലവില്‍ നടന്നുവരുന്നത്.