സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം ജില്ലാതല ഉദ്ഘാടനം തോക്കുപാറ ഗവ. യു.പി സ്‌കൂളില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ബിജി അധ്യക്ഷയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ട് ജോഡി കൈത്തറി യൂണിഫോമാണ് ഈ വര്‍ഷം സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. പരിപാടിയില്‍ യൂണിഫോം നെയ്ത്തുകാരെയും പനംകുട്ടി കൈത്തറി സഹകരണ സംഘത്തെയും ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, മാനേജര്‍ രഞ്ജിത് ബാബു, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എം. ലതിക, ബ്ലോക്ക് പഞ്ചായത്തംഗം ലാലി സുരേന്ദ്രന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.അബൂബക്കര്‍, പഞ്ചായത്തംഗം പി.സി ജയന്‍, പി.ടി.എ പ്രസിഡന്റ് സി.കെ. റോയ്, പ്രധാന അധ്യാപിക ടി.ആര്‍. മിനി തുടങ്ങിയവര്‍ സംസാരിച്ചു.