നിരവധി ടൂറിസം പദ്ധതി നടപ്പാക്കിക്കൊണ്ട് പീരുമേട് നിയോജകമണ്ഡലം പൊതുവില്‍ ടൂറിസം കേന്ദ്രമായി വികസിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഏലപ്പാറ വേ സൈഡ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആറു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തിന് മുന്‍ഗണന നല്‍കുന്നതിലൂടെ തൊഴില്‍ സാമ്പത്തിക ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് കൂടുതല്‍ ഫണ്ട് ചെലവഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാഞ്ചാലിമേട്, ഏലപ്പാറ പരിധികളില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നിര്‍ദ്ധന കുട്ടികള്‍ക്ക് നോട്ടുബുക്കുകളും കുടയും വിതരണം ചെയ്തു.