കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയുടെ ഭാഗമായി വയനാടും ഗോത്രജനതയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉള്ളടക്കവും പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായി. ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ സെമിനാറില്‍ പരിഹാരമാര്‍ഗങ്ങളും അടിയന്തര നടപടികളും നിര്‍ദേശിക്കപ്പെട്ടു. ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലും ഉപജീവനവും, അടിസ്ഥാന സൗകര്യ വികസനം, കലയും സംസ്‌കാരവും എന്നീ ഏഴു വിഷയങ്ങളിലൂന്നിയായിരുന്നു സെമിനാര്‍. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന ആദിവാസി വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പത്താംതരം വരെ എത്തുന്നില്ലെന്നു സെമിനാര്‍ വിലയിരുത്തി. പഠനാന്തരീക്ഷം, രക്ഷിതാക്കളുടെ പിന്തുണ എന്നീ ഘടകങ്ങള്‍ കുട്ടികളെ ബാധിക്കുന്നു. പത്താംതരത്തിനു ശേഷം ഇഷ്ടവിഷയങ്ങളില്‍ പ്രവേശനം ലഭിക്കാത്തതും കൊഴിഞ്ഞുപോവുന്ന കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനൊരു പരിഹാരമായി ജില്ലാ പഞ്ചായത്ത് ഇത്തവണ സമഗ്രപദ്ധതി തയ്യാറാക്കി. സ്‌കൂളില്‍ നിന്നു ലഭ്യമാക്കുന്നതിനു പുറമെ രണ്ടു ജോടി യൂനിഫോം ജില്ലാ പഞ്ചായത്ത് നല്‍കും. മേശ, കസേര അടക്കമുള്ള പഠനോപകരണങ്ങളും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്എസ്എ പ്രൊജക്റ്റ് ഓഫിസര്‍ പറഞ്ഞു.
ചികിത്സാ രംഗത്ത് ആദിവാസി വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ജീവിതശൈലീ രോഗങ്ങള്‍ ഗോത്രജനതയെ വേട്ടയാടുന്നതായി സെമിനാര്‍ വിലയിരുത്തി. മാറിയ ജീവിതശൈലിയാണ് കാരണം. ലഹരിവസ്തുക്കളുടെ അമിതോപയോഗവും ശുചിത്വാവബോധമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. കിടപ്പുരോഗികളും രോഗികളായ അഗതികളും വര്‍ധിക്കുന്നു. ആധുനിക ചികില്‍സാ സംവിധാനങ്ങളോടുള്ള വിമുഖതയും ഗോത്രവിഭാഗങ്ങളില്‍ കണ്ടുവരുന്നതായും വിലയിരുത്തലുണ്ടായി. വ്യാപകവും തുടര്‍ച്ചയായുള്ളതുമായ ബോധവല്‍ക്കരണ പരിപാടികളിലൂടെ ആധുനിക ചികില്‍സകളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് താല്‍പര്യം സൃഷ്ടിക്കാമെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. ആശുപത്രികള്‍ ആദിവാസി സൗഹൃദമാക്കുകയും പ്രമോട്ടര്‍മാരുടെ സേവനം കാര്യക്ഷമമാക്കുകയും ചെയ്യാം. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ശുദ്ധജല ലഭ്യത എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഊരുകൂട്ടങ്ങളുടെ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും സെമിനാര്‍ ഓര്‍മിപ്പിച്ചു.
ഉയര്‍ന്ന യോഗ്യതയുള്ളവരില്‍ നിന്നും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ യഥാസമയം നികത്തുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങളെയും അംഗങ്ങളാക്കുക, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനങ്ങളും ആധുനിക തൊഴില്‍ പരിശീലനങ്ങളും നല്‍കുക, താമസസൗകര്യത്തോടുകൂടിയ സ്ഥിരം മല്‍സരപ്പരീക്ഷ-തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക, ജൈവകൃഷി രീതികള്‍ പ്രോല്‍സാഹിപ്പിക്കുക എന്നീ നിര്‍ദേശങ്ങളുമുയര്‍ന്നു.
ഗോത്രകലകളുടെ സംരക്ഷണത്തിന് നടപ്പാക്കാവുന്ന പദ്ധതികളും സെമിനാറില്‍ നിര്‍ദേശിക്കപ്പെട്ടു. ആദിവാസികളുടെ തനത് കലകള്‍ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, കലാമേളകളില്‍ ആദിവാസികളുടെ തനനു കലകള്‍ക്ക് അവസരം നല്‍കുക, ആദിവാസികളുടെ കലാസാംസ്‌കാരിക സംഘടനകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ധനസഹായം നല്‍കുക, ആദിവാസികളുടെ തനതു കലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ കണ്ടെത്തി വര്‍ഷംതോറും ആദരിക്കുക, ആദിവാസി കലാരൂപങ്ങളിലൂടെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് പ്രധാനം.
പട്ടികവര്‍ഗ വികസന ഓഫിസര്‍ സി ഇസ്മായില്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു.ദാസ് മോഡറേറ്ററായിരുന്നു. ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി.വാണിദാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.സാജിത, വിവിധ ആദിവാസി കോളനികളെ പ്രതിനിധീകരിച്ചെത്തിയവര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.