* പാഠപുസ്തക-യൂണിഫോം വിതരണം തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തക-യൂണിഫോം വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്. രണ്ടു ജോഡി യൂണിഫോം കൂടുതലായി നല്‍കും. ആയിരത്തോളം ആദിവാസി വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയതായാണ് കണക്ക്. ഡ്രോപ്ഔട്ട് ഫ്രീ കാംപയിന്‍ ഈ വര്‍ഷം ശക്തമാക്കും. ഇതിനായി നോഡല്‍ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. എട്ടുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രതിഭാപോഷണ പദ്ധതിയാണ് ഒരുങ്ങുന്നത്.
സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ജിഎല്‍പി സ്‌കൂളില്‍ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 2018-19 വര്‍ഷത്തെ പാഠപുസ്തകം, യൂണിഫോം, വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. സി കെ ശശീന്ദ്രന്‍ എംഎല്‍എ യൂനിഫോം വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകിയും ,വൃക്ഷത്തൈ വിതരണം കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ ആര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു. ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത്. കൈത്തറി മേഖലയെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റി സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, പി എ സുരേഷ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ ജെ ലീന, ജി എന്‍ ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി എം ബാബുരാജന്‍, രവീന്ദ്രന്‍ വൈത്തിരി തുടങ്ങിയവര്‍ സംസാരിച്ചു.