കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പൊലിമ 2018 പ്രദര്‍ശന മേളയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് ഒരുക്കിയ സ്റ്റാള്‍ പൊതുജനങ്ങളെ ആകര്‍ഷിക്കുന്നു. മദ്യം, മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ സ്റ്റില്‍ മോഡലുകളുടെ സഹായത്തോടെ സ്റ്റാളില്‍ ക്രമീകരിച്ചിരിക്കുന്നത്. എക്സൈസ് വകുപ്പിന്റെ ലഹരിവര്‍ജന മിഷന്‍ ‘വിമുക്തി’യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖ വിതരണവും നടക്കുന്നുണ്ട്. ലഹരിവസ്തുക്കളെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വിമുക്തി. മയക്കുമരുന്നുകള്‍, പാന്‍മസാല എന്നിവയുടെ വ്യാപനവും ഉപഭോഗവും തടയുന്നതിനൊപ്പം തന്നെ ബോധവല്‍ക്കരണ പ്രചാരണങ്ങള്‍, പുനരധിവാസ പരിപാടികള്‍, ലഹരിപദാര്‍ഥങ്ങളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്കാനുള്ള പദ്ധതികള്‍ എന്നിവയും വിമുക്തി വിഭാവനം ചെയ്യുന്നു. കുട്ടികള്‍ ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും പരിഹാര നിര്‍ദേശങ്ങളും എക്സൈസ് വകുപ്പ് സ്റ്റാളില്‍ വിവരിക്കുന്നുണ്ട്. മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റം, വിശപ്പില്ലായ്മയും മനംപുരട്ടലും, മയക്കമോ അല്ലെങ്കില്‍ ഉറക്കമില്ലായ്മയോ, ക്രമരഹിതമായ കാല്‍ച്ചുവടുകള്‍, ടോയ്ലറ്റില്‍ അധികനേരം ചെലവഴിക്കല്‍, കള്ളം പറയുക, പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലുമുള്ള താല്‍പര്യവും ശ്രദ്ധയും കുറയുക, പണത്തിന് വര്‍ധിച്ചുവരുന്ന ആവശ്യവും മോഷണശ്രമവും, ഗുളികകള്‍, സിഗരറ്റ്, സിറിഞ്ച് തുടങ്ങിയവ സൂക്ഷിക്കല്‍ എന്നിവ കുട്ടി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയെന്നു വ്യക്തമാക്കുന്ന ലക്ഷണങ്ങളാണ്. ഇതു ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധ ഡോക്ടരുടെ സേവനം തേടണമെന്ന് എക്സൈസ് വകുപ്പ് നിര്‍ദേശിച്ചു.