Kerala’s Top 50 Policies and Projects-48

മത്സ്യത്തൊഴിലാളികൾക്കായി കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭവന നിർമ്മാണ പുനരധിവാസ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളെ ഇന്നലത്തെ ( 07-02-2021) ലേഖനത്തിൽ വിശദീകരിച്ചിരുന്നല്ലോ. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ നടപ്പാക്കിയ മറ്റ് പ്രധാനപ്പെട്ട പദ്ധതികളെ ഇന്ന് പരിചയപ്പെടുത്താം.

സംസ്ഥാനത്തെ മത്സ്യസമ്പത്ത് ഉറപ്പാക്കാനായി സർക്കാർ കേരള മറൈൻ ഫിഷിംഗ് റഗുലേഷൻ (കെ.എം.ആർ.എഫ് ) ആക്ടിൽ കാലോചിതമായ ഭേദഗതികൾ വരുത്തി. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഫിഷറീസ് വില്ലേജ് തലത്തിലും പ്രവർത്തിക്കുന്ന ത്രിതല ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ മത്സ്യ സമ്പത്ത് സംരക്ഷിക്കാനും സുസ്ഥിര ഉത്പാദനം ഉറപ്പാക്കാനും ആവശ്യമായ നിരന്തര നടപടികൾ ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിൽ സംവിധാനത്തിലൂടെ സ്വീകരിക്കാനായി. ഇതിന്റെ ഫലമായി കേരളത്തിലെ മത്സ്യ ഉത്പാദനം 2016-17 ലെ 4.88 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2019-20 ൽ 6.09 ലക്ഷം മെട്രിക് ടണ്ണിലേക്ക് ഉയർന്നു.

കേരള ഫിഷ് ഓക്ഷൻ മാർക്കറ്റിംഗ് ആന്റ് ക്വാളിറ്റി കൺട്രോൾ ബിൽ പാസാക്കിയതിലൂടെ മത്സ്യം ന്യായമായ വിലയിൽ വിൽക്കാൻ അവസരമൊരുക്കാൻ സർക്കാരിനായി. കേരളത്തിലെ 19 മത്സ്യബന്ധന തുറമുഖങ്ങളുടെ മേൽനോട്ടത്തിനും നടത്തിപ്പിനുമായി ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളുടെ പ്രവർത്തനം സർക്കാർ ഏകോപിപ്പിച്ചു. ഹാർബറുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കൽ, മത്സ്യത്തൊഴിലാളികൾക്കാവശ്യമായ സേവനം, മത്സ്യലേലം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഈ സൊസൈറ്റി വഴിയാണ് ചെയ്യുന്നത്. കാലോചിതമായ നയങ്ങളിലൂടെ മത്സ്യസമ്പത്ത് ഉയർത്തി സുസ്ഥിരമായ വികസനം സാധ്യമാക്കാൻ സർക്കാരിന് സാധിച്ചു.

മത്സ്യ മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസ പദ്ധതികൾ ആവ്ഷികരിക്കാനും ക്ഷേമ പദ്ധതികൾ യാഥാർത്ഥ്യമാക്കാനും ഫിഷറീസ് വകുപ്പിന് സാധിച്ചു. അപകടത്തിൽപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്ന പദ്ധതി നടപ്പാക്കി. 1.68 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും 43,500 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകാനുള്ള പദ്ധതിയും ആവിഷ്‌കരിച്ച് വരുന്നു.

1.16 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യ നൽകാനും എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള എൻട്രൻസ് പരിശീലനം ഉൾപ്പെടെ സൗജന്യമായി നൽകാനും സർക്കാരിനായി. ഇവയിലൂടെയെല്ലാം മത്സ്യമേഖലയുടെ സമഗ്ര വികസനവും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയുടെ കരുതൽ ഒരുക്കാനും കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

#keralastop50policiesandprojects

#KeralaLeads